Kerala COVID 19 Weekend Saturday Sunday Lockdown Rules Guidelines: what is allowed what is not: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ എർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. രാത്രികാല കർഫ്യൂവിന് പിന്നാലെയാണ് വാരാന്ത്യ ലോക്ഡൗണിന് സമാനമായി നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. ഈ ദിവസങ്ങളിൽ എന്തെല്ലാം അനുവദനീയമാണ് അനുവദനീയമല്ല എന്നും സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
(1) എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിൽ അടിയന്തിര – അവശ്യ സർവിസുകൾ, കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും യാത്രാനിയന്ത്രണങ്ങള്‍ ബാധകമല്ല.
(2) അടിയന്തിര-അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ എല്ലാ വ്യവസായങ്ങളും/കമ്പനികളും/സന്നദ്ധ സംഘടനകളും 24*7 പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ നല്‍കിയ ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
(3) ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികളുടെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും അതതു സ്ഥാപനമേധാവികള്‍ നല്‍കിയ ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അടിയന്തര സാഹചര്യമില്ലെങ്കിൽ ഐടി, ഐടിഇഎസ് കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം.
4) വാക്സിനേഷന്‍ ആവശ്യത്തിനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കും അവരുടെ സഹായിക്കും രേഖകള്‍ കാണിച്ച് യാത്രചെയ്യാം.
(5) അവശ്യസാധനങ്ങള്‍, പച്ചക്കറികള്‍, പാല്‍, ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വൈകിട്ട് ഏഴു വരെയും അല്ലാത്ത പ്രദേശങ്ങളില്‍ രാത്രി ഒൻപതു വരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാം. ജനങ്ങൾ വീടുകളില്‍നിന്നു കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ഹോംഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം.

Kerala COVID 19 Weekend Saturday Sunday Lockdown Rules Guidelines
(6) റെസ്റ്റോറന്റും ഭക്ഷണശാലകളും ഇരുന്ന് കഴിക്കുന്നത് ഒഴിവാക്കി പാര്‍സല്‍ സര്‍വിസ് മാത്രം നടത്തണം.
(7) ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാന യാത്രകള്‍ എന്നിവ അനുവദനീയമാണ്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍/സ്റ്റോപ്പുകള്‍/സ്റ്റാന്‍ഡുകള്‍ എന്നിവയിലേക്കും പുറത്തേക്കുമുള്ള പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ എന്നിവ വിമാന/ റെയില്‍ യാത്രക്കാരുടെ യാത്ര സുഗമമാക്കാൻ അനുവദിച്ചിട്ടുണ്ട്. സാധുവായ യാത്രാ രേഖകള്‍/ ടിക്കറ്റുകള്‍ എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള യാത്രകള്‍ മാത്രമേ അനുവദിക്കൂ.
(8) വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
(9) ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. യാതൊരുവിധ സമ്മര്‍ വെക്കേഷന്‍ ക്യാമ്പുകളും നടത്താന്‍ പാടില്ല.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങൾ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സര്‍വ്വീസ് നടത്തും. ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60 ശതമാനം ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്നത്.
ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.