കല്‍പ്പറ്റ: പ്രളയം വിതച്ച ദുരിതങ്ങളെ പരസ്പരം ചേര്‍ത്തുപിടിച്ച്, പുഞ്ചിരിച്ചു കൊണ്ട് പരാജയപ്പെടുത്തുകയാണ് കേരളം. മഴക്കെടുതി ഏറെ ദുരിതം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നുമുള്ള ഈ കാഴ്ച മലയാളികളുടെ കരുതലിന്റേയും പോരാട്ട വീര്യത്തിന്റെ തെളിവായി മാറുകയാണ്.

മേപ്പാടി ചൂരല്‍മല സ്വദേശിയായ റാബിയയും പേരാമ്പ്ര സ്വദേശിയായ മുഹമ്മദ് ഷാഫിയും ദുരിതാശ്വാസ ക്യാംപില്‍ നിന്നും വിവാഹിതരായിരിക്കുകയാണ്. ആശംസകളുമായി ക്യാംപിലെ അംഗങ്ങള്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെ എത്തി.

ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയ്ക്ക് സമീപമാണ് റാബിയയുടെ വീട്. ഉമ്മ ജുമൈലത്ത്. മഴയിലും വെള്ളപ്പൊക്കത്തിലും വിവാഹത്തിനായി കരുതി വച്ചിരുന്ന പുതുവസ്ത്രവും പണവുമെല്ലാം ഇവര്‍ക്ക് ന്ഷ്ടമായി. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് എത്തിയത് വെറും കൈയ്യോടെയായിരുന്നു.

മകളുടെ വിവാഹം എങ്ങനെ നടക്കുമെന്ന് ജുമൈലത്തിന് അറിയില്ലായിരുന്നു. ഓഗസ്റ്റ് 18 നായിരുന്നു വിവാഹത്തിന് നിശ്ചയിച്ച തിയ്യതി. എന്നാല്‍ ജുമൈലത്തിന്റേയും റാബിയയുടേയും നൊമ്പരം ക്യാംപിലെ മറ്റുള്ളവരും ജില്ലാ ഭരണകൂടവും തങ്ങളുടേതാക്കി മാറ്റി. ഇതിനിടെ വിവാഹ തിയ്യതില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഷാഫിയും ബന്ധുക്കളും അറിയിച്ചു.

ഇതോടെ ക്യാംപിലെ അംഗങ്ങളും ജില്ലാ ഭരണകൂടവും എല്ലാം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. സഹായവുമായി നിരവധി പേരും എത്തിയതോടെ എല്ലാം വേഗത്തിലായി. ഇന്ന രാവിലെ ക്യാംപില്‍ വച്ച് തന്നെ വിവാഹ ചടങ്ങുകള്‍ നടന്നു. വിവാഹ സദ്യയും ഒരുക്കിയിരുന്നു. ജില്ലാ കലക്ടറും നേരിട്ടെത്തി വരനേയും വധുവിനേയും ആശംസിച്ചു.

Read More Kerala News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.