മലപ്പുറം: കേരളം പ്രളയ ദുരിതത്തില്‍ നിന്നും കര കയറുകയാണ്. പ്രതീക്ഷയുടെ സൂര്യന്‍ ഉദിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുമ്പോള്‍ ക്യാമ്പുകളില്‍ നിന്നും സന്തോഷ വാര്‍ത്തകളും കാഴ്ച്ചകളും വരുന്നുണ്ട്. മലപ്പുറം എംഎസ്പി ദുരിതാശ്വാസ ക്യാംപില്‍ നിന്നും സന്തോഷകരമായൊരു കാഴ്ച്ചയാണ് ഇന്ന് കണ്ടത്.

പ്രളയത്തെ തുടര്‍ന്ന് ക്യാംപിലെത്തിയ പെണ്‍കുട്ടി ഇന്ന് വിവാഹിതയായിരിക്കുകയാണ്. നെച്ചിക്കുറ്റി സ്വദേശിയായ സുന്ദരന്റേയും ശോഭയുടേയും മകളായ അഞ്ജുവാണ് വധു. ദുരിതാശ്വാസ ക്യാംപില്‍ നിന്നുമായിരുന്നു അഞ്ജു ഇന്ന് കല്യാണ മണ്ഡപത്തിലേക്ക് ഇറങ്ങിയത്. നാലു ദിവസമായി അഞ്ജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലായിരുന്നു കഴിഞ്ഞിരുന്നത്. വീടും പരിസരവുമെല്ലാം വെള്ളത്തിലായതോടെയാണ് അവര്‍ ക്യാംപിലേക്ക് മാറിയത്.

പ്രളയത്തിന്റെ സാഹചര്യത്തില്‍ കല്യാണം മാറ്റി വെക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് മാറ്റി വെക്കേണ്ടതില്ലെന്ന ധാരണയിലെത്തുകയായിരുന്നു. ആഘോഷമായി തന്നെ നടത്താനും തീരുമാനിക്കുകയായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ, രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന് മിന്നുകെട്ടി.

ഷൈജുവിന്റെ വേങ്ങരയിലെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും സമീപപ്രദേശത്തൊക്കെ വെള്ളക്കെട്ടാണ്.അതുകൊണ്ടുതന്നെ അഞ്ജുവിന്റെ വീട്ടിലെന്നപോലെ ഷൈജുവിന്റെ വീട്ടിലും വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളൊന്നുമില്ല എന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.