തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ബാണാസുര സാഗറിലെ ജലനിരപ്പ് ഉയരാന്‍ കാരണം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read Also: Horoscope Today August 23, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരത്തോടും താഴ്ന്ന പ്രദേശങ്ങളോടും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട്) ചേർന്ന് കടൽ പ്രക്ഷുബ്‌ദമാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ പ്രദേശങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 15 മുതൽ 19 സെക്കൻഡ് വരെ നീണ്ടു നിൽക്കുന്ന 2.2-2.7 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ഈ കാലയളവിൽ പ്രത്യേക ജാഗ്രത പുലർത്തുക.

വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരങ്ങളോട് ചേർന്നായിരിക്കും കൂടുതൽ അപകടസാധ്യത എന്നുള്ളതിനാൽ തീരത്തോട് ചേർന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടൽ/ ആഴക്കടൽ (open ocean) മേഖലകളിൽ ഇതിന്റെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളിൽ മൽസ്യബന്ധനത്തിലേർപ്പെടുന്നതിൽ തടസമില്ല.

ഹാർബറിൽ കെട്ടിയിടുന്ന ബോട്ടുകൾ തമ്മിൽ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകൾ/വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും.  കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കുക. വള്ളങ്ങൾ/ബോട്ടുകൾ തീരങ്ങളിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച് കടലിൽ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook