scorecardresearch

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തെ എത്തും

മെയ്‌ 29നു കേരളത്തില്‍ ഇത്തവണ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്‌ച അറിയിച്ചത്

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ എത്താന്‍ സാധ്യത. മെയ്‌ 29നു ഇത്തവണ കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്‌ച അറിയിച്ചത്. ആൻഡമാൻ കടലിനും, ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലകളിലും മെയ്‌ 23 മുതല്‍ കാലവര്‍ഷത്തിനു അനുയോജ്യമായ കാലാവസ്ഥ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“കാലവര്‍ഷം ഈ മാസം 29 മുതല്‍ കേരളത്തില്‍ ലഭിച്ച് തുടങ്ങാനാണ് സാധ്യത. നാല് ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാധ്യതയുണ്ട്”, നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ വര്‍ഷത്തെ ആദ്യ കാലാവസ്ഥാ പ്രവചനത്തിലാണ് ഈ കാര്യം പുറത്ത് വിട്ടത്.

കഴിഞ്ഞ കാലവര്‍ഷത്തിൽ പ്രതീക്ഷിച്ചതിനേക്കാള്‍ ഒമ്പത് ശതമാനം കുറവ് മഴയാണ് ലഭിച്ചത്. വയനാട്‌ ജില്ലയിലായിരുന്നു ഏറ്റവും കുറവ് മഴ കിട്ടിയ പ്രദേശം. പ്രതീക്ഷിച്ചതിനേക്കാള്‍ 37 ശതമാനം കുറവ് മഴയാണ് കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ലഭിച്ചത്. കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ കുറച്ചെങ്കിലും കൂടുതല്‍ മഴ ലഭിച്ചത്.

അതേസമയം ഇത്തവണ കരുതിയതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ കേരളത്തിന്‌ ലഭിച്ചു. 35 ശതമാനം അധികം വേനല്‍ മഴയാണ് ഇത്തവണ കേരളത്തിന്‌ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ അത് 7 ശതമാനം കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം കുറവ് വേനല്‍ മഴ ലഭിച്ച കാസര്‍ഗോഡ്‌ ജില്ലയില്‍ ഇത്തവണ പ്രതീക്ഷിച്ചതിനേക്കാള്‍ 88 ശതമാനം കൂടുതല്‍ ലഭ്യമായി. വയനാട്ടില്‍ 70 ശതമാനമാനം അധികമായിരുന്നു വേനല്‍ മഴ.

കഴിഞ്ഞ വര്‍ഷം തുലാമഴയും കേരളത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ് ലഭിച്ചത്. കിട്ടുമെന്ന് കരുതിയതിനേക്കാള്‍ 8 ശതമാനം കുറവ് മഴയാണ് ഈ തുലാവര്‍ഷം ലഭിച്ചത്. വയനാട് ജില്ലയിലായിരുന്നു ഏറ്റവും കുറവ്. പ്രതീക്ഷിച്ചതിനേക്കാള്‍ 50 ശതമാനത്തോളം കുറവ് തുലാമഴയാണ് വയനാടിനു ലഭിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Weather southwest monsoon to hit kerala on may