കോഴിക്കോട്: ഹര്‍ത്താലില്‍ നഗരത്തില്‍ വ്യാപക അക്രമം. പ്രധാനമായും മിഠായിത്തെരുവിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ഹര്‍ത്താല്‍ തളളിക്കളഞ്ഞു കൊണ്ട് കടകള്‍ തുറന്ന ഉടമകളെ ആക്രമിക്കുകയും കടകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. മിഠായിത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന വിഎച്ച്പിയുടെ ഓഫീസില്‍ നിന്നും ആയുധങ്ങള്‍ പിടികൂടി.

മിഠായിത്തെരുവിന് നടുവിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പു ദണ്ഡുകളും വടികളും വടിവാളുമടക്കമുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്. കാര്യാലയത്തിന്റെ വളപ്പിനുള്ളില്‍ ഒളിച്ചിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടാനെത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. മിഠായിത്തെരുവില്‍ അക്രമം നടത്തിയവര്‍ വിഎച്ച്പിയുടെ ഓഫീസില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ ചിതറിയോടി.

25 പേരോളം പേര്‍ ഓഫീസിനകത്തുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു.. അതേസമയം, പൊലീസ് സുരക്ഷയുണ്ടായിരുന്നിട്ടും കടകള്‍ക്കു നേരേയും ഉടമകള്‍ക്കു നേരേയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം നടത്തിയതില്‍ വ്യാപാരികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുരക്ഷ ശക്തമാക്കുമെന്നു പൊലീസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച് തകര്‍ത്തു. കോഴിക്കോട് വിവിധ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമണം അഴിച്ചു വിട്ടത്. കൊയിലാണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡില്‍ ടയറിന് തീയിട്ടാണ് അക്രമികള്‍ ഉപരോധിച്ചത്.

രാത്രി പലയിടത്തും റോഡ് തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമണങ്ങളെ തുടര്‍ന്ന് സർവ്വീസ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് ആകെ 80ല്‍ അധികം ബസുകള്‍ തകര്‍ത്തതായാണ് അനൗദ്യോഗികമായ കണക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.