നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല ഡ്യൂട്ടിയിലുളള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃപ്തിയെ കൊണ്ടുപോകാനാവില്ലെന്ന് ടാക്സി ഡ്രൈവര്‍മാരും നിലപാടെടുത്തു. പ്രതിഷേധത്തെ തുടര്‍ന്നാണ് തങ്ങള്‍ തൃപ്തി അടക്കമുളള യുവതികളെ കൊണ്ടു പോവില്ലെന്ന് പറയുന്നതെന്നും ഇവര്‍ അറിയിച്ചു.

പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ടാക്സി ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. തങ്ങളുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് തൃപ്തിയെയും സംഘത്തേയും കൊണ്ടുപോവാത്തതെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. നേരത്തേ ശബരിമലയിലേക്ക് മാധ്യമപ്രവര്‍ത്തകരെ അടക്കം കൊണ്ടുപോയ വാഹനങ്ങള്‍ തല്ലി തകര്‍ത്തതായും ഇവര്‍ ആരോപിക്കുന്നു.

‘ആരോടും എതിര്‍പ്പോ വിദ്വേഷമോ ഉണ്ടായിട്ടല്ല ഞങ്ങള്‍ ഇവരെ വണ്ടിയില്‍ കൊണ്ടു വിടാത്തത്. ഓണ്‍ലൈന്‍ ടാക്സികളില്‍ നേരത്തേ ശബരിമലയില്‍ ആളുകളെ എത്തിച്ചപ്പോള്‍ ഞങ്ങളുടെ വാഹനം തല്ലി തകര്‍ത്തിട്ടുണ്ട്. അന്ന് സുരക്ഷയും നല്‍കിയില്ല, നഷ്ടപരിഹാരവും കിട്ടിയില്ല. സുരക്ഷയിലുളള ആശങ്ക കാരണമാണ് ഞങ്ങള്‍ വാഹന സൗകര്യം നല്‍കാത്തത്,’ ഡ്രൈവര്‍മാര്‍ പറഞ്ഞു.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇൻഡിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. വാഹനവും താമസ സൗകര്യവും ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ സജ്ജീകരിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ തന്നെ പൊലീസ് തള്ളിയിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

അതേസമയം, ദര്‍ശനം നടത്തുമെന്ന് തന്നെയാണ് തൃപ്തിയുടെയും സംഘത്തിന്റേയും നിലപാട്. ബിജെപി സംഘം ഗുണ്ടായിസം കാണിക്കുകയാണെന്നും കൊച്ചിയിലും ഇത്തരത്തില്‍ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും തൃപ്തി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.