കണ്ണൂർ: കണ്ണൂരിലെ അക്രമങ്ങൾ തടയുന്നതിനായി കേന്ദ്രസേനയെ അയക്കാൻ തയാറാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. രാമന്തളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കണ്ണൂരിലെ ആക്രമണങ്ങൾ തടയുന്നതിനായി സംസ്ഥാനസർക്കാരിന് എന്ത് സഹായം വേണമെങ്കിലും കേന്ദ്രത്തോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സമാധാനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ കേന്ദ്രം ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നും തങ്ങളുടെ പ്രവർത്തകർക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളെ അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പരുക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ സുശീൽ കുമാറിനെയും കേന്ദ്രമന്ത്രി സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ