തിരുവനന്തപുരം: സംഘടനകളുടെ പിന്‍ബലമില്ലാതെ, പ്രത്യയശാസ്ത്രങ്ങളിലെ വേര്‍തിരിവുകളില്ലാതെ ഭരണഘടനയില്‍ വിശ്വസിക്കുന്നവരുടെ പൗരസംഗമം ‘വി ദി പീപ്പിള്‍’ തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ന് രാവിലെ 10.30നാണ് പരിപാടി തുടങ്ങിയത്. ഭരണഘടന പൗരര്‍ക്ക് നല്‍കുന്ന മൗലികാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുക, നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുക ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുക എന്നതാണ് ഇതിന്റെ മുദ്രാവാക്യം.

മൈതാനത്ത് എല്ലാവരും ഒത്തുചേര്‍ന്ന് ബലൂണ്‍ ആകാശത്തേക്ക് ഉയര്‍ത്തിവിടുകയും തുടര്‍ന്ന് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് ഭരണഘടനയുടെ പ്രീയാമ്പിള്‍ വായിച്ച് എല്ലാവരും അതേറ്റു ചൊല്ലുകയും ചെയ്തതോടെയാണ് പരിപാടിക്ക് തുടക്കമായത്. അതിനപ്പുറത്തേക്ക് ഔദ്യോഗിക ഉദ്ഘാനട ചടങ്ങുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടികളുടെ കലാപരിപാടികളും ഊരാളി ബാന്‍ഡിന്റെ സംഗീത പരിപാടിയും ‘വീ ദി പീപ്പിളി’ന് കരുത്തേകി.

 

സ്ത്രീകളുടെ പങ്കാളിത്തമാണ് പൗരസംഗമത്തില്‍ ഏറ്റവും എടുത്തു പറയേണ്ട ഘടകമെന്ന് വി ദി പീപ്പിളിന്റെ ഭാഗമായ വി.എം ഉണ്ണി പറയുന്നു.

‘എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് സ്ത്രീകളുടെ, പ്രത്യേകിച്ച് യുവതികളുടേയും കൗമാരക്കാരികളുടേയും പങ്കാളിത്തമാണ്. വലിയ ആവേശത്തോടെയാണ് എല്ലാവരും എത്തിയത്. ഊരാളി ബാന്‍ഡിന്റെ ഒരു പാട്ട് ആര്‍ത്തവത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും ഊര്‍വ്വരതയെക്കുറിച്ചുമൊക്കെയായിരുന്നു. ആര്‍ത്തവം എന്നത് ജീവന്റെ സംഗീതമാണെന്ന് മനോഹരമായൊരു പ്രമേയം ആ പാട്ടില്‍ ഉണ്ടായിരുന്നു. പാട്ടിന്റെ സമയത്ത് പെണ്‍കുട്ടികളെല്ലാവരും ചേര്‍ന്ന് അതിന് നൃത്തം ചെയ്തത് വളരെ ആവേശകരമായൊരു അനുഭവം തന്നെയായിരുന്നു.’

ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രാധാന്യത്തോടെ കരുതേണ്ട ഒരു കാലഘട്ടത്തിലൂടെ നാം കടന്നു പോകുമ്പോള്‍ ഇത്തരം സംഗമങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും വി.എം ഉണ്ണി പറയുന്നു.

sunny kapikkaduat the we the people, thiruvananthpuram, sabarimala

തിരുവനന്തപുരത്ത് നടന്ന വി ദ് പീപ്പിൾ പരിപാടിയിൽ​ ദലിത് ചിന്തകനായ സണ്ണി എം കപിക്കാട്

we the people program at thiruvananthapuram

‘നമ്മുടെ സ്വാതന്ത്ര്യത്തേയും മൗലികാവകാശങ്ങളേയും സംരക്ഷിക്കുന്നത് ഭരണഘടനയാണ്. എഴുതാനും സംസാരിക്കാനുമെല്ലാം കഴിയുന്നത് ഈ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്. അതിനാല്‍ ഈ ഭരണഘടനയെ ജീവശ്വാസം പോലെ സംരക്ഷിക്കേണ്ടതുണ്ട്. ആ ഒരു വികാരം തന്നെയാണ് പൗരസംഗമത്തില്‍ കാണാന്‍ കഴിഞ്ഞതും. എല്ലാവരും സാധാരണ ജനങ്ങളാണ്. ഏതെങ്കിലും സംഘടനകളുടെ ആഹ്വാനത്തോടെയോ പിന്‍ബലത്തോടെയോ ആയിരുന്നില്ല ഈ പരിപാടി. കേട്ടറിഞ്ഞു വന്നവരായിരുന്നു എല്ലാവരും. അതിന്റെ ഒരു മനോഹാരിതയും അവിടെയുണ്ടായിരുന്നു. പിന്നെ നമ്മുടെ യുവത്വത്തിന് രാജ്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ജനങ്ങളുടെ ഐക്യം, സാഹോദര്യം എന്നിവയെക്കുറിച്ചുമെല്ലാം വലിയ ആകാംക്ഷയും ജാഗ്രതയും വികാരവായ്പും ഉണ്ടെന്നാണ് എനിക്ക് മനസിലായത്. അത് വളരെ പ്രകടമായിരുന്നു. കുട്ടികളെല്ലാം വളരെ ആവേശത്തോടെ പരസ്പരം ആലിംഗനം ചെയ്യുന്നു, നൃത്തം ചെയ്യുന്നു. മാറുന്ന ഇന്ത്യയെക്കുറിച്ചും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് ബോധമുണ്ട്. രാജ്യത്തിന് അത് വളരെ വലിയൊരു സന്ദേശമാണ്. മറ്റു സംസ്ഥാനങ്ങളെ പോലെ അത്ര എളുപ്പത്തില്‍ കേരളത്തെ പിന്നോട്ട് വലിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ഭാവി തലമുറയുടെ ഒരു പ്രഖ്യാപനം തന്നെയായിരുന്നു അത്. അവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്താണെന്ന് അവര്‍ക്കറിയാം. ചിരിക്കാനും, സംസാരിക്കാനും, സ്‌നേഹിക്കാനും, പാട്ടുപാടാനും, നൃത്തം ചെയ്യാനുമെല്ലാമുള്ള സ്വാതന്ത്ര്യത്തിന്റെ മേലാണ് ഈ കത്തി വന്നു വീഴാന്‍ പോകുന്നതെന്ന് അവര്‍ക്ക് ബോധമുണ്ടെന്ന് അവരുടെ ശരീരഭാഷയില്‍ നിന്നും മനസിലാക്കാം. അവിടെ ചെന്നപ്പോള്‍ ഞാന്‍ കൂടുതല്‍ എഡ്യൂക്കേറ്റഡായി എന്നുതന്നെ പറയാം,’ വി.എം ഉണ്ണി വ്യക്തമാക്കി.

 

 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ മറവില്‍ ആചാരങ്ങളെ നിയമസംവിധാനത്തിന് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ഭരണഘടനാ വിശ്വാസികളുടെ ഒത്തുചേരലാണ് വി ദി പീപ്പിള്‍.

ചിത്രങ്ങൾ: ഹരിഹരൻ സുബ്രഹ്മണ്യൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ