കൊച്ചി: സ്വാതന്ത്ര്യം നിലനിര്‍ത്തിയില്ലെങ്കില്‍ രാജ്യത്ത് കലാപത്തിന് സമാനമായ സാഹചര്യമുണ്ടാകുമെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. ജുഡീഷ്യറിയ്ക്കും ജനാധിപത്യത്തിലൂടെ എത്തിയ പ്രതിനിധികള്‍ക്കും സ്വാതന്ത്ര്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി കൊളീജിയത്തില്‍ തനിക്കു പരാതികളില്ലെന്നും അതിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചാണു പരാതിയെന്നും ചെലമേശ്വര്‍ വ്യക്തമാക്കി. അതേസമയം, സ്വാതന്ത്ര്യത്തിന്റെ വിലയെന്നതിനെ പൂര്‍ണമായി വിശദീകരിക്കാനാകില്ല. എന്നാല്‍ അതിന്റെ വില നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നു പറയാമെന്നും അദ്ദേഹം പറഞ്ഞു. അതു സമൂഹത്തിനു കനത്ത തിരിച്ചടിയായിരിക്കും നല്‍കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജുഡീഷ്യറിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ചെലമേശ്വര്‍, മദന്‍.ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ജനുവരിയില്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിപ്ലവം അനിവാര്യമാണെന്ന അഭിപ്രായവുമായി കഴിഞ്ഞ ദിവസം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്രം കാത്തുസൂക്ഷിക്കണമെങ്കില്‍ ജുഡീഷ്യറിയില്‍ ബാഹ്യ ഇടപെടലുകളുണ്ടാകരുതെന്നാണ് ഗൊഗോയ് പറഞ്ഞത്.

ഇതിനായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ന്യായാധിപരും ജനാധിപത്യത്തിന് പ്രതിരോധം തീര്‍ക്കണമെന്നും നിലവിലെ സ്ഥിതിയില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ കോടതി നടപടികള്‍ മറ്റൊരു വിചാരണ നേരിടുകയാണെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ