കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്ന കാര്യത്തിൽ സിപിഎം-സിപിഐ നേതാക്കൾ നടത്തിയ ചർച്ച വിചിത്രമെന്ന് കെ.എം.മാണി. “ഞങ്ങളെ എടുക്കണമെന്ന് ഞങ്ങളാരോടും പറഞ്ഞിട്ടില്ല,” എന്ന് ഇതേക്കുറിച്ച് കെ.എം.മാണി പറഞ്ഞു.

“ഒരു മുന്നണിയിലേക്കും ഇല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് (എം). ഈ നിലപാട് നേരത്തേ പ്രഖ്യാപിച്ചതാണ്. ഞങ്ങളെ എടുക്കണമെന്ന് ഒരു മുന്നണിയോടും ആവശ്യപ്പെട്ടിട്ടില്ല. പിന്നെന്തിനാണ് ഇവർ ചർച്ച നടത്തിയത്? വിചിത്രമായ കാര്യമാണിത്,” കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി പറഞ്ഞു.

ഇന്നലെയാണ് സിപിഐ-സിപിഎം നേതാക്കൾ ന്യൂഡൽഹിയിൽ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ ചർച്ച നടത്തിയത്. ഇതിന് പിന്നാലെ ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ തേടാമെന്ന് ഇരു പാർട്ടിയുടെയും നേതാക്കളും പറഞ്ഞിരുന്നു.

എന്നാൽ ഇന്ന് രാവിലെ സിപിഐ നിലപാട് കൂടുതൽ കടുപ്പിച്ചു. കേരള കോൺഗ്രസ് എമ്മുമായി സഹകരണം വേണ്ടെന്ന സംസ്ഥാന ഘടകത്തിന്റെ നിലപാട് തന്നെയാണ് തങ്ങളുടേതെന്ന് ദേശീയ സെക്രട്ടറി ഡി.രാജ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ