തിരുവനന്തപുരം: യോഗ ഒരു മതാചാരമല്ലെന്നും മതാചാരമാണെന്ന നിലയിൽ യോഗയെ ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാലാമത് രാജ്യാന്തര യോഗാ ദിനത്തിന്റെ സംസ്ഥാനതല പരിപാടികൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യോഗയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട്. എന്നാൽ സൂക്തങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടർ മനസിലാക്കണം. യോഗ ഒരു വ്യായാമമുറയാണ്. ജാതിമത ഭേദതമന്യേ എല്ലാവർക്കും യോഗ പരിശീലിക്കാവുന്നതാണ്. സ്വതന്ത്രവും മതേതരവുമായ മനസോട് കൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
മാനവീയം വീഥിയിൽ ആയുഷ് മന്ത്രാലയവും സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര യോഗ ദിനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഒ.രാജഗോപാൽ എംഎൽഎ അധ്യക്ഷനായിരുന്നു.
യോഗയെന്നത് ശാരീരിക വ്യായാമം അല്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ശരീരത്തിന് മാത്രമല്ല മനസിനും ബുദ്ധിക്കും ഉണർവ് നൽകുന്ന ആധ്യാത്മിക പദ്ധതിയാണ് യോഗയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതം ലോകത്തിന് സംഭാവന ചെയ്ത ജീവിത പദ്ധതിയാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം നടന്ന യോഗ പ്രദർശനത്തിലും മിസോറാം ഗവർണർ പങ്കെടുത്തു. കേന്ദ്ര ആയുഷ് മന്ത്രാലയവും സേവാ ഭാരതിയും സംയുക്തമായാണ് യോഗ ദിനാചരണം സംഘടിപ്പിച്ചത്.