കണ്ണൂർ: അൽഫോൺസ് കണ്ണന്താനം വസ്തുതകൾ തിരിച്ചറിയണമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. കേന്ദ്രം അനുവദിച്ച 100 കോടിയിൽ 18 കോടി മാത്രമാണ് കിട്ടിയതെന്ന് മന്ത്രി പറഞ്ഞു. ആർഎസ്എസ്സിന്റെ കൈകളിൽ ശബരിമലയെ ഏൽപ്പിക്കാനാവില്ലെന്നും ശബരിമലയിൽ ആരെയും അഴിഞ്ഞാടൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിൽ ഭക്തർക്ക് പ്രശ്നമില്ല. ആർഎസ്എസിനാണ് പ്രശ്നം. ശബരിമലയിൽ പ്രതിഷേധിച്ച രാജേഷ് ആർഎസ്എസ് നേതാവാണ്. അവരുടെ മുദ്രാവാക്യത്തിന്റെ പുതിയ പേരാണ് ശരണം വിളിയെന്നും മന്ത്രി പറഞ്ഞു.

ശബരിമല സന്ദർശിക്കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സർക്കാരിനെ കുറ്റപ്പെടുത്തിയത്. പമ്പയില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പ്രളയത്തില്‍ മുഴുവനായി തകര്‍ന്ന ശബരിമല പരിസര പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും വികസനത്തിനുമായി കേന്ദ്രം 100 കോടി രൂപ നല്‍കിയിരുന്നുവെന്നും, എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബിജെപി നേതാവായിട്ടല്ല, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.