Women In Cinema Collective Press Meet at Ernakulam Press Club Live Updates: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമ താരസംഘടനയായ എഎംഎംഎ യിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന നീതിനിഷേധങ്ങൾക്കെതിരെ തുറന്നടിച്ച് നടിമാർ. വുമൺ കളക്ടീവ് ഇൻ സിനിമ എന്ന മലയാള സിനിമ രംഗത്തെ അംഗങ്ങളായ രേവതി, പാര്‍വ്വതി, പത്മപ്രിയ, അഞ്ജലി മേനോന്‍,  റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശൻ, സജിതാ മഠത്തിൽ, ദീദി ദാമോദരൻ തുടങ്ങിയവര്‍ മാധ്യമങ്ങളെ കണ്ടു.

താരസംഘടനയായ എഎംഎംഎ ഉൾപ്പെടെയുള്ള സിനിമാ സംഘടനകൾ തങ്ങൾ നടത്തിയ പരാതിയിൽ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് വിമൺ കളക്ടീവ് അംഗങ്ങൾ കുറ്റപ്പെടുത്തി. പേരെടുത്ത് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ പത്രസമ്മേളനം ആരംഭിച്ചത്. താരസംഘടനയിൽ നിന്നും നിരന്തരമായ നീതിനിഷേധമാണ് തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും, ഇനി സംഘടനയുടെ നേതൃത്വത്തെ കണ്ണടച്ച് വിശ്വസിക്കാനാകില്ലെന്നും വനിതാ സംഘടനയിലെ അംഗങ്ങൾ വ്യക്തമാക്കി.

തങ്ങളുടെ പേരെടുത്തു പറയാനുള്ള മര്യാദ പോലും എഎംഎംഎ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാർ മാത്രമല്ല, മൂന്നുവ്യക്തികൾകൂടിയാണ് താനും പത്മപ്രിയയും പാർവ്വതിയുമെന്നും രേവതി പറഞ്ഞു.

ഇന്ത്യയൊട്ടാകെ മീടൂ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ, ആരോപണ വിധേയരായവർക്കൊപ്പം പ്രവർത്തിക്കാനാകില്ലെന്ന് ബോളിവുഡിലെ പ്രമുഖർ തീരുമാനമെടുക്കുമ്പോൾ, മലയാള സിനിമയിൽ ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്ത കേസിൽ കുറ്റാരോപിതനായ നടനെവച്ച് കോടികൾ മുടക്കി സിനിമയെടുക്കാനാണ് ബി.ഉണ്ണികൃഷ്ണനെ പോലുള്ളവർക്ക് തിടുക്കമെന്ന് റിമാ കല്ലിങ്കൽ തുറന്നടിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ എഎംഎംഎയിലെ അംഗത്വം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് താരസംഘടനയുമായി ഏറെക്കാലമായി ഇവര്‍ നടത്തിവരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് പത്രസമ്മേളനം നടത്തിയത്.

Read More: താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധം; ഡബ്ല്യൂസിസി അംഗങ്ങള്‍ ഇന്ന് മാധ്യമങ്ങളെ കാണും

ദിലീപിന്റെ സംഘടനാ അംഗത്വം, ആക്രമിക്കപ്പെട്ട നടിക്ക് സംഘടന നല്‍കുന്ന പിന്തുണ ഇവ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ പൊതു യോഗത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടിമാര്‍ താരസംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ സംഘടനയില്‍ തുടര്‍ന്നുകൊണ്ട് ഈ വിഷയങ്ങളില്‍ എഎംഎംഎയുമായി സംവാദത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകായിരുന്നു രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍.

ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഇവര്‍ എഎംഎംഎയ്ക്കയച്ച കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇവയൊക്കെയാണ്.

ദിലീപ് സംഘടനയ്ക്ക് അകത്തോ പുറത്തോ എന്ന കാര്യത്തില്‍ വ്യക്തത.
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനായി എഎംഎംഎയ്ക്കുള്ളില്‍ തന്നെ കമ്മിറ്റി.
അംഗങ്ങള്‍ക്കിടയില്‍ ലിംഗ സമത്വത്തെക്കുറിച്ചുള്ള ബോധവത്കരണം.

ഇതുമായി ബന്ധപ്പെട്ട് ഇവര്‍ മൂന്നുപേരും എഎംഎംഎയുമായി ചര്‍ച്ച നടത്തുകയും ദിലീപിന്റെ വിഷയം പൊതു യോഗം തീരുമാനിക്കട്ടെ എന്ന് എഎംഎംഎംഎ നിലപാടെടുക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പത്രസമ്മേളനം.

Read More: ‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

ഇന്ത്യയെമ്പാടും മീടൂ തുറന്നു പറച്ചിലുകള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമാ സംഘടനകള്‍ വിശാഖാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിനെ സ്വീകരിച്ചു കൊണ്ട് പാര്‍വ്വതി, അഞ്ജലി മേനോന്‍, പത്മപ്രിയ എന്നിവര്‍ ഇന്നലെ രംഗത്തു വന്നിരുന്നു. സമാനമായ നിലപാടുകള്‍ എന്തു കൊണ്ട് മലയാള സിനിമ കൈക്കൊള്ളുന്നില്ല എന്നായിരുന്നു ഇന്നലെ ഉന്നയിച്ച ചോദ്യം.

5.25: ഡബ്ല്യൂസിസി അംഗങ്ങൾക്ക് മീടൂ എന്തെന്ന് മനസിലായിട്ടില്ല: എൻഎസ് മാധവൻ

5.19: റേപ്പിസ്റ്റിനെ വച്ച് ബി.ഉണ്ണികൃഷ്ണൻ സിനിമ ചെയ്യാൻ പോകുകയാണ്: അർച്ചന പത്മിനി

5.16 PM: മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ ഷെറിൻ സ്റ്റാൻലി എന്ന പ്രൊഡക്ഷൻ കൺട്രോളറുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് ബി.ഉണ്ണികൃഷ്ണന് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. അയാളിപ്പോളും സജീവമായി സിനിയിൽ ഉണ്ട്: അർച്ചന പത്മിനി

5.13: ലോകത്ത് മറ്റെവിടെ മീ ടൂ മൂവ്മെന്റ് തുടങ്ങുന്നതിനും മുമ്പ് മലയാള സിനിമയിൽ അത് ആരംഭിച്ചിട്ടുണ്ട്: പത്മപ്രിയ

5.12: അവസാനം എഎംഎംഎ അയച്ച കത്തിൽ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ഒന്നും പറയുന്നില്ല. അങ്ങനെയാണ് അവളെ ട്രീറ്റ് ചെയ്യുന്നത്: രേവതി

5.09: ബോളിവുഡിൽ ആരോപണ വിധേയർക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറല്ലെന്ന് ഓരോരുത്തരും തീരുമാനമെടുക്കമ്പോൾ, ഫെഫ്കയുടെ പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ കുറ്റാരോപിതനെ വച്ച് കോടികൾ മുടക്കി പടം പിടിക്കാൻ പോകുകയാണ്. അമ്മയുടെ പ്രസിഡന്റ്, ‘ഓഹോ, നമുക്ക് നോക്കാം’ എന്നാണ് പറയുന്നത്: റിമാ കല്ലിങ്കൽ പറഞ്ഞു.

4.56: ആരും സംഘടനയിൽ നിന്നും രാജിവയ്ക്കുന്നില്ല: ബീനാ പോൾ

4.54 PM: ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് ബീനാ പോൾ സംസാരിക്കുന്നു.

4.51 PM: എഎംഎംഎയിൽ നടക്കുന്നത് നാടകങ്ങൾ. ഇനി ഇത്തരം നാടകങ്ങളെ പിന്തുണയ്ക്കാൻ സാധിക്കില്ല: രമ്യാ നമ്പീശൻ

4.50 PM: ഞാൻ രമ്യാ നമ്പീശൻ. മലയാളം തമിഴ് സിനിമകളിൽ സജീവമാണ്. എഎംഎംഎയിൽ അംഗമായിരുന്നു: രമ്യാ നമ്പീശൻ സ്വയം പരിചയപ്പെടുത്തി.

Read in English: WCC press conference LIVE UPDATES

4.44 PM: 17 വയസുള്ള ഒരു കുട്ടി രാത്രി 11 മണിക്ക് എന്റെ മുറിയിൽ വന്ന് മുട്ടി ചേച്ചി എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞിട്ടുണ്ട്. അവളെ നമ്മൾ കാണുന്നില്ല, കേൾക്കുന്നില്ല. അവൾക്ക് നമ്മൾ നീതി കൊടുക്കുന്നില്ല: രേവതി

4.43 PM: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ ഉള്ള നാലു നടിമാർക്കും തിരിച്ചുവരണം എന്നുണ്ടെങ്കിൽ ആദ്യം മുതൽ ആപ്ലിക്കേഷൻ തരാം അപ്പോൾ ജനറൽ ബോഡി ചേർന്ന് തീരുമാനിക്കാമെന്ന് എഎംഎംഎ പറഞ്ഞു: രേവതി

4.41 PM: നിങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുത്, പബ്ലിക്കിനോട് സംസാരിക്കരുത് എന്നു എഎംഎംഎ പറഞ്ഞു: പാർവ്വതി

4.40: എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തങ്ങൾക്കു കിട്ടിയ നിയമോപദേശം അറിയിച്ചു. അതോടെ താരസംഘടനയുടെ നിലപാട് മാറി. വേറെ നിയമോപദേശം തേടണമെന്ന് അവർ പറഞ്ഞു: പാർവ്വതി

4.36: എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ നടന്ന ചർച്ചയിൽ ബാബുരാജ് ആക്രമിക്കപ്പെട്ട പെൺകുട്ടിയെക്കുറിച്ച് പറഞ്ഞത് ‘ചൂടുവെള്ളത്തിൽ വീണ പൂച്ച’ എന്നായിരുന്നു. ഞങ്ങൾക്ക് വിഷമമുണ്ട്, ഞങ്ങൾക്ക് മുറിവേറ്റു, ഇത് ബഹുമാനമില്ലായ്മയാണ്, ഞങ്ങൾക്ക് ദേഷ്യമുണ്ട്: പാർവ്വതി

Read More: ലൈംഗിക അതിക്രമം: നിയമം പറയുന്നതെന്ത്?

4.34 PM: താരസംഘടനയിൽ പരാതി പരിഹാരത്തിന് സംവിധാനമില്ല, ഇവർ ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്?: പത്മപ്രിയ

4.32 PM: അവർ പിന്തുണച്ചത് കുറ്റാരോപിതനെ: പത്മപ്രിയ

4.28 PM: ആക്രമിക്കപ്പെട്ട നടിയുടെ വോയ്സ് ക്ലിപ്പ് ഞങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കേൾപ്പിച്ചു. ഇതിനുശേഷം, വ്യക്തിപരമായ അഭിപ്രായത്തിൽ താൻ നടിയെ പിന്തുണയ്ക്കുന്നുവെന്ന് എഎംഎംഎ പ്രസിഡന്റ് പറഞ്ഞു. പക്ഷെ ജനറൽ ബോഡിയിലേ തീരുമാനം അറിയിക്കാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു: പത്മപ്രിയ

4.27 PM: ചർച്ചയ്ക്കു പോയ ഞങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു താരസംഘടനയുടെ എക്സിക്യൂട്ടീവ് ബോഡിയിലെ അംഗങങൾ: പാർവ്വതി

4.25 PM: കേരളത്തിലെ സിനിമാ സംഘടനകൾ പറച്ചിലുകളല്ലാതെ യാതൊരു നടപടിയും കൈക്കൊണ്ടില്ല.

4.24 PM: ഞാനെന്റെ രാജിക്കത്ത് അന്നേ തയ്യാറാക്കിയതായിരുന്നു: പാർവ്വതി

4.21 PM: ആക്രമിക്കപ്പെട്ട നടി താരസംഘടനയ്ക്ക് നൽകിയ രാജിക്കത്ത് പാർവ്വതി വായിക്കുന്നു.

4.20 PM: കുറ്റാരോപിതൻ സംഘടനയ്ക്ക് അകത്ത്. ആക്രമിക്കപ്പെട്ടവൾ പുറത്ത്. ഇതാണോ നീതി? രേവതി ചോദിക്കുന്നു.


4.19 ഞങ്ങൾ വെറും നടിമാരല്ല, വ്യക്തിത്വമുള്ളവർ. മോഹൻലാലിന്റെ പരാമർശം വേദനിപ്പിച്ചു. We feel hurt: രേവതി.

4.17 PM: അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുന്നു.

4.14 PM: പത്രസമ്മേളനം ആരംഭിച്ചു. അഞ്ജലി മേനോനാണ് ആദ്യം സംസാരിക്കുന്നത്.

4.12 PM: കറുപ്പുനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഭൂരിപക്ഷം അംഗങ്ങളും എത്തിയിരിക്കുന്നത്.

4.07 PM: ഡബ്ല്യൂസിസി അംഗങ്ങളായ രേവതി, പാർവ്വതി, പത്മപ്രിയ, അഞ്ജലി മേനോൻ, ബീനാ പോൾ, ദീദി ദാമോദരൻ, അർച്ചന പത്മനി, സജിതാ മഠത്തിൽ, റിമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവർ എറണാകുളം പ്രസ് ക്ലബ്ബിൽ എത്തി.

3.57 PM: വാർത്താസമ്മേളനം അൽപ്പസമയത്തിനകം ആരംഭിക്കും.

2.32 pm: തനുശ്രീ ദത്തയില്‍ ആരംഭിച്ച രണ്ടാംഘട്ട മീടൂ വെളിപ്പെടുത്തലുകള്‍ ഇന്ത്യയിലെ പല മേഖലകളിലേക്കും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ പത്രസമ്മേളനം കൂടുതല്‍ പ്രസക്തമാകുന്നു. ഈ വിഷയത്തെക്കുറിച്ച് എന്‍.എസ് മാധവന്‍ പറഞ്ഞതിങ്ങനെ.

‘എന്തോ വലുത് വരാനിരിക്കുന്നു എന്നാണ് തോന്നുന്നത്. എറണാകുളത്തെ പത്രപ്രവര്‍ത്തക  സുഹൃത്തുക്കള്‍ ഇന്ന് നാലു മണിയുടെ ഡബ്ല്യൂസിസി പത്ര സമ്മേളനം മിസ്സ് ചെയ്യാതിരിക്കുക.’

2:00 pm: പത്രസമ്മേളനത്തെക്കുറിച്ചുള്ള വനിതാ സംഘടനയുടെ ഔദ്യോഗിക അറിയിപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.