തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ.കെ.ബാലന്‍. ഡബ്ല്യൂസിസിയുടെ പരാതികള്‍ എഎംഎംഎ പരിശോധിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നു പറഞ്ഞ മന്ത്രി ആവശ്യമായി വന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കൂട്ടിച്ചേര്‍ത്തു. അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നത് ആര് ചെയ്താലും അതിനോട് യോജിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡബ്ല്യസിസിയെ പിന്തുണച്ചുകൊണ്ട് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എഎംഎംഎയില്‍ നിന്നും തങ്ങള്‍ നേരിടുന്ന നീതിനിഷേധങ്ങള്‍ അക്കമിട്ടുനിരത്തുകയായിരുന്നു ഡബ്ല്യൂസിസി അംഗങ്ങള്‍. ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്കു പുറത്തും കുറ്റാരോപിതനായ നടന്‍ അകത്തും നില്‍ക്കുമ്പോള്‍ എന്തുനീതിയാണ് പ്രതീക്ഷിക്കേണ്ടത് എന്ന് അംഗങ്ങള്‍ ചോദിച്ചു. എഎംഎംഎ പ്രസിഡന്റായ മോഹന്‍ലാലിനതിരെയും ഇവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ