കൊച്ചി: ‘പ്രത്യേക യോഗം വിളിച്ച് ‘അമ്മ’ ഇപ്പോഴുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യണം’ എന്ന് താരസംഘടനയില്‍ തുടരുന്ന വിമന്‍ ഇന്‍ സിനിമാ കളക‌്‌ടീവ് അംഗങ്ങള്‍. വനിതാ കളക്‌ടീവിലെ മൂന്ന് അംഗങ്ങള്‍ അമ്മയില്‍ നിന്ന് രാജി വച്ചതിനെത്തുടര്‍ന്ന് മഞ്ജു വാര്യര്‍ ഉള്‍പ്പടെ താരസംഘടനയില്‍ തുടരുന്ന നാലു പേരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഇവരാരും തന്നെ കൊച്ചിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ‘അമ്മ’യ്‌ക്ക് ഔദ്യോഗികമായി ഒരു കത്ത് കൈമാറാനാണ് സാധ്യത.

ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിക്കുകയാണ് ആശയവിനിമയം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുറ്റരോപിതനായ നടനെ തിരിച്ചെടുക്കാന്‍ വേണ്ടി ‘അമ്മ’യില്‍ ഉണ്ടായ ചര്‍ച്ചയും ശ്രമങ്ങളും (ഇപ്പോള്‍ രാജി വച്ച അമ്മ അംഗവും കൂടിയായ) ആക്രമിക്കപ്പെട്ട നടിയ്‌ക്ക് സംഘടന ഒരിക്കല്‍ പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നല്‍കിയ വാക്കിന് വിരുദ്ധമാണ് എന്ന് ഓര്‍മ്മിപ്പിക്കും.

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ‘അമ്മ’ എടുക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച വേണം എന്ന് ഉന്നയിക്കും. സംഘടനാ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഈ അവസരത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടാകും.

നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘അമ്മ’ ജനറല്‍ ബോഡിയില്‍ നടന്ന നീക്കങ്ങളെ ശക്തമായി അപലപിച്ചു കൊണ്ട് സംഘടനയില്‍ കൂടി അംഗത്വമുള്ള മൂന്നു വനിതാ കളക്‌ടീവ് അംഗങ്ങള്‍ ‘അമ്മ’യില്‍ നിന്നും രാജി വച്ചിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ‘അമ്മ’യ്‌ക്ക് പുറത്തു പോയത്. ഇവര്‍ കൂടാതെ കളക്‌ടീവില്‍ ഉള്ള ‘അമ്മ’ അംഗങ്ങളായ മഞ്ജു വാര്യര്‍, പത്മപ്രിയ, പാര്‍വ്വതി തിരുവോത്ത്, രേവതി എന്നിവരാണ്‌ ‘അമ്മ’യ്‌ക്കുള്ളില്‍ തുടര്‍ന്നു കൊണ്ട് അവരോടു ചര്‍ച്ചയ്‌ക്കു ശ്രമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ