കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനും പരിഹാരം കാണാനുമുള്ള നിയമം സിനിമാ രംഗത്ത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനം ഹൈക്കോടതി നോട്ടീസ് അയച്ചു. മലയാള സിനിമാ സംഘടനകളായ ഫെഫ്കയും മാക്ടയും അടക്കമുള്ള മറ്റു സംഘടനകള്‍, കേരള സര്‍ക്കാര്‍, സെന്‍സര്‍ബോര്‍ഡ് എന്നിങ്ങനെ എട്ട് പേരെ എതിര്‍ കക്ഷികളാക്കിയാണ് ഡബ്ല്യസിസി കോടതിയെ സമീപിച്ചത്. ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Read More: ലൈംഗികാതിക്രമം: സിനിമാ സംഘടനകളെ എതിർകക്ഷികളാക്കി ഡബ്ല്യൂ സി സി വീണ്ടും കോടതിയിൽ

ഈ മാസം പതിനാറിന് കേരള സര്‍ക്കാരിനേയും എഎംഎംഎയും എതിര്‍കക്ഷികളാക്കി ഡബ്ല്യൂസിസി പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണം, വിശാഖ മാര്‍ഗരേഖകള്‍ നടപ്പിലാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് അന്ന് കോടതിയെ സമീപിച്ചത്. അമ്മയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിക്കൊപ്പം പുതിയ ഹര്‍ജിയും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

വിശാഖ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ്‌ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സെക്വഷല്‍ ഹരാസ്‌മെന്റ് ഓഫ് വിമന്‍ ഇന്‍ അറ്റ് വര്‍ക്ക്‌പ്ലേസസ്, (പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍, ആന്‍ഡ് റിഡ്രസ്സല്‍) നിയമം പ്രകാരമുളള കമ്മിറ്റികള്‍ സിനിമാ രംഗത്തും നടപ്പാക്കണമെന്നാണ് ആവശ്യം.

Read More: സിനിമാ മേഖലയിൽ വിശാഖ മാർഗനിർദേശം നടപ്പിലാക്കണം ഡബ്ലിയു സി സി ഹൈക്കോടതിയെ സമീപിച്ചു

ഇതേതുടര്‍ന്ന് കോടതി എഎംഎംഎയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു, കെ.പി.എ.സി ലളിത എന്നിവരുടെ നേതൃത്വത്തില്‍ ആഭ്യന്തര പരിഹാര പരാതി സെല്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

നേരത്തെ ബോളിവുഡിലെ സിനിമാ സംഘടനകള്‍ വിശാഖ മാര്‍ഗരേഖകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മീടൂ ക്യാംപെയിന്‍ ശക്തമായ പശ്ചാത്തലത്തിലാണ് ബോളിവുഡില്‍ നിന്നും ഈ പ്രഖ്യാപനം ഉണ്ടായത്. കേരളത്തില്‍ യുവ നടി ക്വട്ടേഷന്‍ ലൈംഗികാക്രമണത്തിന് ഇരയാകുകയും ആ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചാ വിഷയം ആയി മാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.