കൊച്ചി: വിമൻ ഇൻ സിനിമാ കളക്‌ടീവിൽ ഭിന്നതയില്ലെന്ന് സംവിധായിക വിധു വിൻസെന്റ്. എല്ലാവരും രാജിസന്നദ്ധത അറിയിച്ചിരുന്നു. എല്ലാവരും അമ്മയിൽനിന്നും രാജിവയ്‌ക്കേണ്ടയെന്നത് കൂട്ടായി എടുത്ത തീരുമാനമാണ്. രാജി വയ്‌ക്കാത്തവർ അമ്മയിൽ ആശയപോരാട്ടം തുടരും. അമ്മ സംഘടന ഇപ്പോൾ എടുത്ത തീരുമാനത്തിൽ പ്രതിഷേധമുണ്ടെന്നും കൃത്യമായ പ്രതികരണമുണ്ടെന്നും അറിയിക്കാനാണ് ഇത്രയും പേർ രാജിവച്ചതെന്നും വിധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ‘അമ്മ’ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലു പേർ അമ്മയില്‍ നിന്നും രാജി വച്ചതായി അറിയിച്ചിരുന്നു. ‘അവള്‍ക്കൊപ്പം’ ഞങ്ങളും എന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ‘അമ്മ’യില്‍ നിന്നും പുറത്ത് പോയത് ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ്. ഇവര്‍ മൂന്ന് പേരും ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’ അംഗങ്ങളുമാണ്.
Read: ആക്രമിക്കപ്പെട്ട നടി അടക്കം നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്നും രാജി വച്ചു
ഈ വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നവരാണ് ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’. അമ്മയില്‍ അംഗത്വമുള്ള ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’ അംഗങ്ങളില്‍ മൂന്നു പേര്‍ മാത്രമേ രാജിവച്ചിട്ടുള്ളൂ.
മഞ്ജു വാര്യര്‍, പത്മപ്രിയ, പാര്‍വ്വതി തിരുവോത്ത്, രേവതി എന്നിവര്‍ നടിയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തങ്ങള്‍ രാജി വയ്‌ക്കുന്നു എന്ന് കാണിച്ച് വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ് അംഗങ്ങള്‍ ഒപ്പിട്ട കുറിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഇതേസമയം, ‘അമ്മ’യിലും ഡബ്ലിയു സി സിയിലും അംഗങ്ങളായ ചിലർ ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ‘അമ്മ’യുടെ നേതൃത്വത്തിലുളള ചിലരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.