കോഴിക്കോട്: സിനമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷ പി. സതീദേവി. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുകയും അതിലെ റെക്കമന്ന്റെഷനുകള് നടപ്പിലാക്കുകയും വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് (ഡബ്ല്യുസിസി) അംഗങ്ങള്‍ സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പി. സതീദേവി പ്രതികരിച്ചത്. സിനിമയില്‍ ഇന്റെര്ണല് കംപ്ലൈന്റ്റ്സ് കമ്മിറ്റി വേണം (ICC) വേണം എന്ന ആവശ്യവും ഡബ്ല്യുസിസി) അംഗങ്ങള്‍ ഉന്നയിച്ചു.
“സിനമയിലെ ആഭ്യന്തര പരിഹാര സംവിധാന പ്രവര്‍ത്തനക്ഷമമല്ല. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായും നിയമപരമായും പരിഹരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സിനിമാ കമ്പനികള്‍ തിരിച്ചറിയണം. സിനിമാ മേഖലയിലേക്ക് പെണ്‍കുട്ടികള്‍ കടന്നു വരുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ മികവ് പുലര്‍ത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഉറപ്പു വരുത്തുന്നതിനായി നിയമനിര്‍മ്മാണം ആവശ്യമാണ്. ഡബ്ല്യുസിസി അംഗങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും,” സതീദേവി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് (ഡബ്ല്യുസിസി) അംഗങ്ങള്‍ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്. നടിമാരായ പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, സംവിധായിക അഞ്ജലി മേനോന്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മിഷനെ കാണാന്‍ എത്തിയത്.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനായി 2017ല്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 2019ല്‍ തങ്ങളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ അതില്‍ തുടര്‍ നടപടി ഒന്നും തന്നെ സര്‍ക്കാര്‍ ഇത് വരെ കൈക്കൊണ്ടിട്ടില്ല. ആ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മിഷനെ കാണാന്‍ എത്തിയത്.
ഹേമ കമ്മിഷന് അല്ല, കമ്മിറ്റി
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തില്‍ രൂപികരിച്ചത് കമ്മിഷനല്ല കമ്മിറ്റിയാണെന്ന് മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന് പറഞ്ഞതായി സതീദേവി. “മുന്‍പത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് എന്‍ക്വയറി കമ്മിഷന് ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല അത്. അതിനാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കേണ്ട സാഹചര്യമില്ല എന്നാണ്. ഇതൊരു കമ്മിറ്റി റിപ്പോര്‍ട്ടായതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇത് പരിശോധിക്കേണ്ടതായുണ്ട്. അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തന്നെയാണ് കമ്മിഷന്റെ അഭിപ്രായം,” സതീദേവി വ്യക്തമാക്കി
Also Read: രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക് കോവിഡ്; രോഗവ്യാപന നിരക്കില്‍ നേരിയ കുറവ്