കൊച്ചി: ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി (വിമൺ ഇൻ സിനിമ കളക്ടീവ്) ആവശ്യപ്പെട്ടെന്ന് നിയമ മന്ത്രി പി. രാജീവ്. ഡബ്ല്യുസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും അവർ തന്നെ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന്റെ ‘ഐഡിയ എക്സ്ചേഞ്ച്’ എന്ന പരിപാടിയിൽ റിപ്പോർട്ട് എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകൻ അമൃത് ലാലിന്റെ ചോദ്യത്തിന് മറുപടി ആയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
“ഞാൻ ഡബ്ല്യുസിസി (വിമൺ ഇൻ സിനിമ കളക്ടീവ്) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പ്രസിദ്ധീകരിക്കരുതെന്ന് അവർ തന്നെ ആവശ്യപ്പെട്ടു. കമ്മീഷന്‍സ് ഒഫ് എന്‍ക്വയറി ആക്റ്റിന് കീഴിലല്ല ഇത്. അതുകൊണ്ട് തന്നെ സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധമില്ല. ഞങ്ങൾ കമ്മിറ്റി നിർദേശങ്ങൾ സ്വീകരിക്കുകയും നിയമവകുപ്പ് അത് പരിശോധിക്കുകയും അത് സാംസ്‌കാരിക വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. അവർ അത് നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിക്കുകയാണ്. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി ഒരു പുതിയ നിയമം കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു” അദ്ദേഹം പറഞ്ഞു.
മലയാള സിനിമ മേഖലയിൽ നിന്ന് ഉയർന്നു വരുന്ന ലൈംഗീകാതിക്രമ പരാതികൾ സംബന്ധിച്ച ചോദ്യത്തിനോടും പി. രാജീവ് പ്രതികരിച്ചു. രാജ്യത്ത് മറ്റിടങ്ങളിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടാകും എന്നാൽ മലയാളത്തിലെ നടിമാർ മുന്നോട്ട് വന്ന് അത് തുറന്നുപറയാനുള്ള ധൈര്യം കാണിച്ചത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ എന്നും അവർക്കൊപ്പമാണെനും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്ന് രാവിലെ മാധ്യമങ്ങൾക്ക് മുന്നിലും മന്ത്രി ആവർത്തിച്ചു. കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കണമെന്നാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്നും മൊഴികൾ നൽകിയിരിക്കുന്നത് രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിനാലാണെന്നും മന്ത്രി വ്യക്തമാക്കി.
ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബർ 30നാണ് സർക്കാരിന് സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഡബ്ല്യുസിസിയിൽ നിന്നുൾപ്പെടെവന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.