കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. നീതിനിര്‍വഹണ സംവിധാനം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമോയെന്നും വെളിപ്പെടുത്തൽ നടത്തിയ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയതെന്നും ഡബ്ല്യുസിസി ചോദിച്ചു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയുള്ള പ്രസ്താവനയിലാണ് പ്രതികരണം.
പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ:
”മാധ്യമങ്ങളിലൂടെ പുറത്തുവന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ നമ്മുടെ സംസ്ഥാനത്തെ നീതിനിര്‍വഹണ സംവിധാനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമോ?
ഇന്റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നത് അനുസരിച്ചാണെങ്കില്‍ കുറ്റാരോപിതന് കൈക്കൂലി നല്‍കുന്നതും നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും നിയമവിരുദ്ധമായ നടപടികളല്ലേ?
ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന് അപകടത്തിലാണെന്ന് സ്വയം സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയത് ?
എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങള്‍ക്ക് അവശ്യം വേണ്ട ശ്രദ്ധ നല്കി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല?
നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘര്‍ഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോള്‍ തന്നെ, ഇത്തരം സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ സത്യമറിയുന്നതിനു ചോദ്യങ്ങള്‍ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.”
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണു സംവിധായകന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. 2016 ഡിസംബറില്‍ കുറ്റാരോപിതന്റെ വീട്ടിലെത്തിയപ്പോള്‍ നടന്ന കാര്യങ്ങളാണ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനമെന്നും ഇതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ സംഭവത്തിന്റെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണ കോടതി പരിഗണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി പ്രതികള്‍ക്കു നോട്ടിസ് അയച്ചിരിക്കുകയാണ്.
പുതിയ സാക്ഷികളെയും പഴയ സാക്ഷികളില്‍ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രതികളുടെ ഫോണ്‍ വിളികളുടെ അസ്സല് രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.