കൽപ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപിയുമായ രാഹുല്‍ ഗാന്ധി ലീഡ് നേടിയ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. വയനാട് മണ്ഡലത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് ഏറെ ആശ്വാസമായ വിജയമാണിത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ നിന്ന് മാത്രം യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി സ്വന്തമാക്കിയത് 500 വോട്ടിന്റെ ലീഡാണ്. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഈ വാര്‍ഡില്‍ വിജയിച്ചത് 177 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കുള്ള പ്രതിരോധമായാണ് എല്‍ഡിഎഫ് ഈ വിജയത്തെ കാണുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പുല്‍പ്പാടി അബ്ദുള്ളയാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയായിരുന്നു.
Read Also: ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിക്കുന്നവര്‍ക്കുള്ള മറുപടി: സിപിഎം
യുഡിഎഫിലെ കൊട്ടേക്കാരന്‍ മൊയ്തീനെയാണ് പുല്‍പ്പാടി അബ്ദുള്ള പരാജയപ്പെടുത്തിയത്. പഞ്ചായത്ത് അംഗമായിരുന്ന എ.എം.നജീമിനെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കിയതോടെയാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനാണ് മേല്‍ക്കൈ. 13 ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലും, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും, അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 22 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് 17 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി അഞ്ചിടത്ത് വിജയം നേടി.
എല്‍ഡിഎഫിന്റെ ഏഴ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ 16-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വനജ കണ്ണന് വിജയിച്ചു. മലമ്പുഴ പഞ്ചായത്ത് കടുക്കാംകുന്ന് വാര്‍ഡില്‍ ബിജെപിയിലെ സൗമ്യ വിജയിച്ചു. തൊടുപുഴ നഗരസഭ 23-ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മായ ദിനു വിജയിച്ച് സീറ്റ് നിലനിര്‍ത്തി.
Read Also: ശബരിമല; അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്ത്രീകളെ തടയരുതെന്ന് മന്ത്രി ശൈലജ
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കിഴക്കെ പാലക്കാട് കോളനിയില്‍ ബിജെപി സ്ഥാനാര്‍ഥി ദിവ്യ ചെള്ളത്ത് വിജയിച്ചത് എല്‍ഡിഎഫിന് തിരിച്ചടിയായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം, ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ പ്രതികരണവുമായി സിപിഎം രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം വിലയിരുത്തി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്ക്കാലികമാണെന്ന് തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് സിപിഎം വ്യക്തമാക്കിയതാണ്. ആ നിരീക്ഷണം കൃത്യമെന്ന് തെളിയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം വിലയിരുത്തുന്നു.