കൽപറ്റ: ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ ദുരന്തം ഉണ്ടാകുന്നത്. പുത്തുമലയില്‍ ഉള്ളവര്‍ ആകെ വിറങ്ങലിച്ചു പോയി. ചിലര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മറ്റ് ചിലര്‍ മണ്ണിനടിയില്‍ അകപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് പുത്തുമലയിലെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പോലും പറയാന്‍ സാധിക്കുന്നില്ല. അത്രത്തോളം ഭയത്തിലാണ് അവര്‍. എന്നാല്‍, ഉറ്റവരും ഉടയവരുമായ ചിലരെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ ഏറെ വേദനിക്കുന്നുമുണ്ട്.

പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആറ് പേരെ മണ്ണിനടയില്‍ നിന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിച്ചവരിൽ ഒരു പിഞ്ചു കുഞ്ഞും ഉണ്ട്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. നൂറു കണക്കിന് ആളുകളെ ഇവിടെ നിന്ന് രക്ഷിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഏകദേശം അമ്പത് പേരെങ്കിലും മരിച്ചതായാണ് രക്ഷപ്പെട്ടവര്‍ തന്നെ പറയുന്നത്. സൈന്യവും മറ്റ് സജ്ജീകരണങ്ങളും ചേര്‍ന്ന് സുരക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ഇന്ന് രാവിലെ കനത്ത മഴ പെയ്യുകയും ചെയ്തതോടെ ഇവിടെ രക്ഷാപ്രവര്‍ത്തനം വൈകി.

Read Also: ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു

പ്രദേശത്തേക്കുള്ള വഴിയെല്ലാം അടഞ്ഞുപോയ അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും അവിടേക്കുള്ള യാത്ര ദുഷ്കരമായ സാഹചര്യമാണ്. പരുക്കേറ്റവരെ മേപ്പാടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയാണ്.

വലിയൊരു മല ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് പാടികളിലായി ആണ് പുത്തുമലയില്‍ ആളുകള്‍ താമസിച്ചിരുന്നത്. എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്പലവും വാഹനങ്ങള്‍ എന്നിവയാണ് മണ്ണിനടിയിലായത്. ചിലരെല്ലാം അപ്പോള്‍ തന്നെ ഓടിരക്ഷപ്പെട്ടു. നൂറ് ഏക്കറെങ്കിലും മലവെള്ളക്കുത്തൊഴുക്കില്‍ ഒഴുകിപോയ നിലയിലാണ്. ഇവിടെ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ല. ഇന്ന് രാവിലെ 550 മില്ലി മീറ്റല്‍ മഴ പുത്തുമല ഭാഗത്ത് പെയ്തതായാണ് റിപ്പോര്‍ട്ട്.

Read Also: Kerala Weather Live Updates: അടങ്ങാതെ മഴപ്പെയ്ത്ത്; റെഡ് അലര്‍ട്ട് ഒന്‍പത് ജില്ലകളില്‍

ദുരന്ത സമയത്ത് ആരാധനാലയങ്ങളിൽ നിരവധി പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. നിരവധി പേരുടെ മൃതദേഹം മണ്ണിനടിയിൽ ഉണ്ടെന്നാണ് രക്ഷപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവർ പറയുന്നത്. കൃഷിയിടങ്ങളെല്ലാം പൂർണമായും നശിച്ചു. രക്ഷാപ്രവർത്തകർക്ക് പോലും ചളിയിൽ ചവിട്ടി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. മേപ്പാടി പുത്തുമല ഭാഗത്ത് നിന്ന് ഏകദേശം 200 ഓളം പേരെ ക്യാംപുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.