മേപ്പാടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അതീവ ദുഷ്‌കരമാകുന്നു. ജെസിബി പോലുള്ളവ എത്തിച്ചാല്‍ മാത്രമേ ഇനി കാര്യക്ഷമമായി എന്തെങ്കിലും നടക്കുകയുള്ളൂ. മനുഷ്യസാധ്യമായ അവസ്ഥയില്‍ അല്ല പ്രദേശത്തിന്റെ കിടപ്പെന്ന് രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു. ഇന്ന് രാവിലെ പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി.

Read More: Weather Kerala: ബാണാസുര ഡാം മൂന്നിന് തുറക്കും; റെഡ് അലർട്ട്

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെയാണ് മഴ വീണ്ടും ശക്തമായത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്നും കണ്ടെടുത്തത്.

Read More: Weather Kerala, Heavy Rain, Red Alert Live Updates: കലിയടങ്ങാതെ മഴ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രത

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം 24 മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ഒരാളെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെടുത്തിരുന്നു. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയില്‍ കാണാന്‍ കഴിയുന്നത്.

മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുള്‍പൊട്ടലില്‍പ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകര്‍ന്നതോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.

മഴ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ വിതച്ച വയനാട് ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍. വിവിധ ക്യാമ്പുകളിലായി കാല്‍ ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് (10.8.2019) വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, താമരശ്ശേരി ചുരത്തിലെ സംരക്ഷണ സമിതി പ്രവർത്തകർക്ക് ഫോണുകൾ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് ആശയവിനിമയം തടസപ്പെട്ടു എന്നാണ് അവിടെ നിന്നും ലഭിക്കുന്ന പുതിയ വാർത്ത. ചുരത്തിലെ തടസങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യുകയും, ചുരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറം ലോകത്തെ അറിയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ്. ഇവിടെ വൈദ്യുതിയും ഇല്ല. താമരശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.