വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ; ഏഴ് തദ്ദേശ സ്ഥാപനങ്ങൾ നേട്ടം കൈവരിച്ചു

ഈ പ്രദേശങ്ങളിൽ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് സർക്കാർ

Wayanad, Noolppuzha, Panchayath, First Fully Vaccinated Panchayat, നൂൽപ്പുഴ, വാക്സിൻ, ie malayalam
നൂൽപ്പുഴയിൽ ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ ദൗത്യത്തിനിടെ

തിരുവനന്തപുരം: വയനാട് ജില്ലയിലെ ഏഴ് തദ്ദേശഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളിലുള്ളവരിൽ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. നൂൽപ്പുഴ പഞ്ചായത്താണ് നേട്ടം ആദ്യം കൈവരിച്ചത്.

വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ 45 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് വയനാട് ജില്ലയിലെ 7 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ ആദ്യമായി ലക്ഷ്യം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.

Wayanad, Noolppuzha, Panchayath, First Fully Vaccinated Panchayat, നൂൽപ്പുഴ, വാക്സിൻ, ie malayalam
നൂൽപ്പുഴയിലെ വാക്സിനേഷൻ ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ

“ഏറ്റവുമധികം ആദിവാസികളുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനായത് ആരോഗ്യമേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്‍ ആദ്യഘട്ട യജ്ജം സാക്ഷാത്കരിച്ചത്. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ചാണ് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്,” മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. അന്നുമുതല്‍ വലിയ പ്രവര്‍ത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും എല്ലാവർക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്‌സിനേഷന്‍ പ്രക്രിയ നടത്തിയത്.

Wayanad, Noolppuzha, Panchayath, First Fully Vaccinated Panchayat, നൂൽപ്പുഴ, വാക്സിൻ, ie malayalam
നൂൽപ്പുഴയിലെ വാക്സിനേഷൻ ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ

വാക്‌സിന്‍ എടുക്കാത്തവരുടെ വീടുകളില്‍ പോയി സ്ലിപ്പ് നല്‍കി അവരെ സ്‌കൂളുകളില്‍ എത്തിച്ചാണ് വാക്‌സിന്‍ നല്‍കിയത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 13 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമായി.

Read More: ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രത്തില്‍ താമസിക്കാം; ഓണാഘോഷം വെര്‍ച്വലായി: മന്ത്രി റിയാസ്

വാക്‌സിനേഷനായി വിമുഖത കാട്ടിയവര്‍ക്ക് അവബോധവും നല്‍കിയാണ് ആദ്യഘട്ട യജ്ജം പൂര്‍ത്തിയാക്കിയത്. രണ്ടാം ഡോസ് എടുക്കേണ്ട സമയം ആകുമ്പോള്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതികളും അവിഷ്‌കരിച്ചു. അങ്ങനെ സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രദേശങ്ങളായി ഇത് മാറും.

നൂൽപ്പുഴ പഞ്ചായത്തിൽ 18 വയസിനു മുകളിലുള്ള 22,616 പേരിൽ 21,964 പേർക്കും ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കി.

Wayanad, Noolppuzha, Panchayath, First Fully Vaccinated Panchayat, നൂൽപ്പുഴ, വാക്സിൻ, ie malayalam
നൂൽപ്പുഴയിലെ വാക്സിനേഷൻ ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസി സമുദായക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്തായ നൂൽപ്പുഴയിലെ 18 വയസ്സിന് മുകളിലുള്ള 7602 ആദിവാസി സമുദായാംഗങ്ങളിൽ 7352 പേരും വാക്സിൻ സ്വീകരിച്ചു. 6975 പേർക്ക് പ്രത്യേക ട്രൈബൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്സിൻ നൽകിയത്.

Read More: തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ യജ്ഞം; മാളുകള്‍ ബുധനാഴ്ച മുതല്‍ തുറക്കാന്‍ അനുമതി

മൂന്നുമാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവർ, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ തുടങ്ങിയവർ മാത്രമാണ് വാക്സിൻ സ്വീകരിക്കാത്തത്.

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്കൂളുകളിലാണ് ക്യാമ്പ് നടത്തിയത്. ട്രൈബൽ വകുപ്പിൻ്റെ നേതൃത്വത്തിൽ വാഹനങ്ങളിലാണ് ഇവരെ ക്യാമ്പുകളിൽ എത്തിച്ചത്. ഇതിന് പുറമേ ക്യാമ്പിലെത്തി വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്കും കിടപ്പ് രോഗികൾക്കും ട്രൈബൽ വകുപ്പിൻ്റെ സഹായത്തോടെ കോളനികളിൽ നേരിട്ടെത്തിയാണ് വാക്സിൻ നൽകിയതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Wayanad noolppuzha panchayath covid vaccination kerala

Next Story
ടിപിആർ വീണ്ടും കൂടി; 18,607 പേര്‍ക്ക് കോവിഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com