ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധന വിഷയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും വയനാട് എംപി രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രളയാദുരിത ബാധിതര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെക്കറിച്ചും പുനരധിവാസത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം രാഹുല്‍ ഗാന്ധിയാണ് ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുണ്ടെന്നും വേഗം പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ അറിയിച്ചു.

രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധമാണു വയനാട്ടില്‍ നടക്കുന്നത്. ബത്തേരിയില്‍ നിരോധനത്തിനെതിരെ യുവാക്കള്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലെത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയും വയനാട് എംപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ കേന്ദ്ര മന്ത്രിമാരുമായും മുഖ്യമന്ത്രി ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്.

Read More: ബന്ദിപൂർ യാത്ര നിരോധനം: ജനങ്ങളുടെ വികാരം ന്യായം, പ്രശ്നപരിഹാരത്തിന് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ രാത്രി ഒൻപതു മുതല്‍ രാവിലെ ആറുവരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ വിഷമമാണു യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ബന്ദിപൂർ വനമേഖലയിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിൽ പരിഹാരം തേടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.