കൽപ്പറ്റ: വയനാട് വെളളമുണ്ടയിൽ മദ്യം കഴിച്ച് മൂന്നുപേർ മരിച്ച സംഭവം ആളു മാറിയുളള കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യത്തിൽ വിഷം കലർത്തിയ സ്വർണപ്പണിക്കാരനായ സന്തോഷിനെ പൊലീസ് പിടികൂടി. സുഹൃത്തിനെ കൊലപ്പെടുത്താൻ വിഷം കലർത്തി നൽകിയ മദ്യമാണ് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയത്.

മാനന്തവാടിയിലെ സ്വർണപണിക്കാരനാണ് സന്തോഷ്. അടുത്ത സുഹൃത്തായ സജിത്തിനെ കൊലപ്പെടുത്താനാണ് മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർത്തിയത്. തന്റെ ഭാര്യയുമായി സജിത്തിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

സന്തോഷിന്റെ കൈയ്യിൽനിന്നും സജിത്ത് ഇടയ്ക്കിടയ്ക്ക് മദ്യം വാങ്ങി കുടിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ സജിത്ത് വാങ്ങിയ മദ്യം മകളുടെ പേടി മാറ്റാനായി പൂജ ചെയ്യുന്ന മന്ത്രവാദിയായ തികിനായിക്ക് കൊടുക്കാനായി കൊണ്ടുപോയി. മകളെയും കൂട്ടി മന്ത്രവാദിയുടെ അടുത്ത് പൂജയ്ക്കു പോവുകയും പൂജ കഴിഞ്ഞതിനുശേഷം മദ്യം തികിനായിക്ക് കൊടുക്കുകയും ചെയ്തു. തികിനായി മദ്യം കഴിച്ച ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു.

തികിനായി കുഴഞ്ഞുവീണത് പ്രായാധിക്യമായ കാരണങ്ങളാലാണെന്നാണ് ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ രാത്രിയിൽ ഇയാളുടെ മകൻ പ്രമോദും മരുമകൻ പ്രസാദും കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി മദ്യം കുടിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് മദ്യത്തിൽ വിഷം കലർന്നതാണെന്ന സംശയം ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.