/indian-express-malayalam/media/media_files/uploads/2019/08/rahul-1.jpg)
കൽപറ്റ: മഴ ദുരിതം വിതച്ച വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഇന്ന് സന്ദര്‍ശനം നടത്തും. താമരശേരിയിലും രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്നലെ കവളപ്പാറയില്‍ ഉരുൾപൊട്ടലുണ്ടായിടത്ത് രാഹുല്‍ എത്തിയിരുന്നു. വയനാട് മേപ്പാടിയിലെ പുത്തുമലയിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. പനമരം, മീനങ്ങാടി, മുണ്ടേരി എന്നിവിടങ്ങളിലും രാഹുല്‍ എത്തും. പ്രളയത്തില്‍ നിന്നും നാടിനെ കരകയറ്റുവാന്‍ എല്ലാ സഹായവുമുണ്ടാകുമെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ദുരന്തമുണ്ടായ പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തഭൂമിയില്‍ നിന്നും ഇനിയും ഏഴ് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ജില്ലയിലെ 207 ക്യാംപുകളിലായി 36,000 പേര്‍ കഴിയുന്നുണ്ട്. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.
ഇന്നലെ പോത്തുകല്ല് ക്യാമ്പിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷിതമായാണ് കവളപ്പാറയിലെത്തിയത്. വാഹനത്തില്‍ വന്നിറങ്ങിയ രാഹുലിന് പൊലീസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത് കൂടി കണക്കിലെടുത്ത് അദ്ദേഹം അഞ്ച് മിനിറ്റ് അവിടെ ചെലവിട്ട ശേഷം മടങ്ങി.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായര്‍ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാപുകളിലായി 2,51,831 പേര്‍ കഴിയുന്നു. 73,076 കുടുംബങ്ങള്‍. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ക്യാംപ്, 313. തൃശൂര്‍ (251), മലപ്പുറം (235), വയനാട് (210) ജില്ലകളാണു തൊട്ടുപിന്നില്‍. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരില്‍ 42,176, വയനാട്ടില്‍ 37,059 പേര്‍ ക്യാംപുകളില്‍ കഴിയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.