കൽപ്പറ്റ: വയനാട് മെഡിക്കൽ കോളെജിന്റെ നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. രണ്ട് വർഷത്തിനകം ആദ്യ ബാച്ചിന് അഡ്മിഷൻ നൽകാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മെഡിക്കല്‍കോളേജ് നിർമ്മിക്കാനായി തിരഞ്ഞെടുത്ത ചേലോട് എസ്റ്റേറ്റിലെ ഭൂമി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്‍കെല്ലിന്റെയും സെസിന്റെയും പരിശോധനയില്‍ വൈത്തിരി വില്ലേജില്‍ ചേലോട് എസ്‌റ്റേറ്റിന്റെ ഭാഗമായി കണ്ടെത്തിയ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍കോളജ് നിര്‍മ്മാണത്തിന് അനുകൂലമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തുടർനടപടിയിലേക്ക് കടന്നത്. ഡിസംബറിൽ മെഡിക്കൽ കോളെജിന് ഔദ്യോഗികമായി തറക്കല്ലിടാനാണൊരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ 615 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. വയനാട് മെഡിക്കല്‍കോളേജ് മാസ്റ്റർപ്ലാന്‍ തയാറാകുന്നമുറയ്ക്ക് കൂടുതല്‍ പണം കിഫ്ബിയില്‍നിന്നും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്‍റെ പരിസ്ഥിതിക്ക് പരമാവധി അനുകൂലമായി കെട്ടിടങ്ങള്‍ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.