കൊച്ചി: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് ജലീൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ വസ്തുതാ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ സ്ഥല സന്ദർശനം അനുവദിക്കണമെന്ന ആവശ്യം സർക്കാർ നിരസിച്ചു. എന്താണ് സംഭവിച്ചതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സ്ഥലം സന്ദർശിക്കാനും നാട്ടുകാരുമായി ആശയവിനിമയം നടത്താൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന സമർപ്പിച്ച ഹർജിയിലാണ് വസ്തുതാ അന്വേഷണ സംഘത്തിന് അനുമതി നൽകാനാവില്ലന്ന് സർക്കാർ കോടതിയെ അറിയിച്ചത്.

സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുയാണ്. സമാന്തര അന്വേഷണം അനുവദിക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. ആദിവാസികളും റിസോർട്ട് ജീവനകാരുമായി ആശയവിനിമയം നടത്തുന്നത് തെളിവു നശിപ്പിക്കാൻ ഇടയാക്കുമെന്നും ക്രമസമാധാന പ്രശ്നത്തിനു സാധ്യത ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി.

വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ പണപ്പിരിവിനെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർ ബോൾട്ടും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി.ജലീൽ കൊല്ലപ്പെടുകയായിരുന്നു. ഓർഗനൈസേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് എന്ന സംഘടനയാണ് വസ്തുതാ അന്വേഷണത്തിന് അനുമതി തേടി കോടതിയിലെത്തിയത്. സർക്കാർ നിലപാടിൽ മറുപടി നൽകാൻ ഹർജിക്കാർക്ക് കോടതി നിർദേശം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.