തിരുവനന്തപുരം: മിച്ച ഭൂമി മറിച്ച് വില്‍ക്കാന്‍ കൂട്ടു നിന്ന വയനാട് ഡപ്യൂട്ടി കലക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിർദേശം. വയനാട്ടിലെ ഭൂമാഫിയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കൈക്കൂലി വാങ്ങുന്ന ഡപ്യൂട്ടി കലക്ടറുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത പുറത്തു വിട്ടത്. വയനാട്ടിലെ കോട്ടത്തറ വില്ലേജിലെ നാലേക്കര്‍ മിച്ച ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ ഭരണ നേതൃത്വത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ചാനൽ പുറത്തു വിട്ടത്. ഡപ്യൂട്ടി കലക്ടര്‍ക്ക് പുറമെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഇടനിലക്കാരനായ പടിഞ്ഞാറത്തറ സ്വദേശി കുഞ്ഞുമുഹമ്മദ് എന്നിവരും ചാനൽ പുറത്തു വിട്ട ഒളിക്യാമറ ദൃശ്യങ്ങളിലുണ്ട്.

നാലരയേക്കര്‍ മിച്ച ഭൂമി സ്വന്തമാക്കാന്‍ 20 ലക്ഷം രൂപ ഭൂമി വിലയായും 20 ലക്ഷം കൈക്കൂലിയായും നല്‍കിയാല്‍ മതിയെന്നും റാക്കറ്റിലെ മുഖ്യകണ്ണി സിപിഐ സെക്രട്ടറി വിജയന്‍ ചെറുകരയുമാണെന്ന് വീഡിയോയില്‍ പറയുന്നു. ഇതിനു വേണ്ടി റവന്യൂ രേഖകളില്‍ തിരിമറി നടത്തുന്നത് ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനാണ്.

ഇടനിലക്കാരന്‍ കുഞ്ഞുമുഹമ്മദ് പറയുന്നത് പ്രകാരം വിജയന്‍ ചെറുകരയ്ക്ക് പത്ത് ലക്ഷവും സോമനാഥന് പത്ത് ലക്ഷവുമാണ് ഭൂമി കൈക്കലാക്കാന്‍ നല്‍കേണ്ട കൈക്കൂലി. സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗത്തിന്റെ നിർദേശ പ്രകാരം വിജയന്‍ ചെറുകരയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം അദ്ദേഹവുമായി ഇടപാടിനെ കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഡപ്യൂട്ടി കലക്ടറെ കാണുന്നത്. ഡപ്യൂട്ടി കലക്ടര്‍ക്ക് വിജയന്‍ ചെറുകരെ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ