ന്യൂഡല്‍ഹി: വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ സിപിഎമ്മും പങ്കാളിയാകുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണുള്ളത്. അങ്ങനെ വരികയാണെങ്കില്‍ അത്തരമൊരു ചിന്തയ്ക്ക് രൂപംപകരാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സുധാകരൻ പറഞ്ഞു.
ഇന്ത്യാ രാജ്യത്ത് ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇതുപോലൊരു വിധി പ്രഖ്യാപിക്കുന്നത് നിയമചരിത്രത്തില്‍ ആദ്യത്തേതാണ്. കിട്ടിയ പരാതിയുടെ യാഥാര്‍ഥ്യം എന്താണെന്ന് മനസിലാക്കാതെയുള്ള ഒരു വിധിന്യായമായിട്ടാണ് നിയമവിദഗ്ധര്‍ അടക്കം ഇതിനെ കാണുന്നത്. ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന് ഒരു തലവേദനയാണ്. അതിനാലാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. ഇന്ത്യാരാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ഇക്കാര്യങ്ങൾ അദ്ദേഹം വിദേശ രാജ്യത്ത് പോയി എന്തിനു പറയുന്നുവെന്നാണ് ആക്ഷേപം. എന്തുകൊണ്ട് വിദേശത്ത് പോയി പറഞ്ഞുകൂടാ. ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ വിദേശ രാജ്യങ്ങൾ അറിയേണ്ടേ. രാഹുലിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യനായ നേതാവാണെന്ന് എതിർക്കുന്ന പ്രതിപക്ഷങ്ങൾ പോലും ഉൾക്കൊണ്ടിരിക്കുന്നു. ഇന്നലെവരെ കോൺഗ്രസിനോട് ഒപ്പമില്ലാതിരുന്ന പല പ്രതിപക്ഷ പാർട്ടികളും ഇപ്പോള്‍ പിന്തുണച്ചു. ആ പ്രഖ്യാപനങ്ങളൊക്കെ ഒരു തിരുത്തലിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.