കൽപ്പറ്റ: അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരനും മകനുമെതിരെ ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ. പെൺകുട്ടികൾക്ക് ഇത്തരത്തിൽ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാൻ കഴിയില്ലെന്നും തന്റെ സഹോദരനും മകനുമാണ് ഇതിനു പിന്നില്ലെന്നും അവർ ആരോപിച്ചു.
മുഹമ്മദിനെതിരായ ആരോപണങ്ങളും അവർ തള്ളി. കുടുംബത്തിന്റെ സംരക്ഷണം മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നുവെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതേതുടർന്ന് തർക്കങ്ങളും നിലനിന്നിരുന്നതായി ഭാര്യ വ്യക്തമാക്കി.
ഇന്നലെയാണ് 68 കാരനായ മുഹമ്മദിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും അമ്മയും പൊലീസില്‍ കീഴടങ്ങിയിരുന്നു. അമ്മയെ ശല്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയത്. കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സഹോദരന്റെ മക്കളാണ് ഇവരെന്നാണ് വിവരം. മുഹമ്മദിന്റെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
Also Read: വയനാട്ടില്‍ 68 കാരനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി
അതേസമയം, അമ്മയെയും മക്കളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. കൊലപാതകം നടന്ന ഇടത്തും മൃതദേഹം കണ്ടെത്തിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. ഇതിനു ശേഷം അമ്മയെ ബത്തേരി കോടതിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൽപ്പറ്റയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിലും ഹാജരാക്കും. ഇവരെ ഇന്നലെ രാത്രി പൊലീസ് ഏറെനേരം ചോദ്യം ചെയ്തിരുന്നു.
കൊലപാതകത്തിനു ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഒരു കാൽ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. കാൽഭാഗം പിന്നീട് സംഭവസ്ഥലത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്നുമാണ് കണ്ടെത്തിയത്. കോടാലി കൊണ്ടുള്ള മുറിവുകളായിരുന്നു ശരീരത്തിൽ. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.