കൽപ്പറ്റ: വയനാട്ടിൽ വിവിധ ഇടങ്ങളിലായി 41 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. രണ്ട് പേർക്ക് കുരങ്ങുപനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയുളള കുരങ്ങുകളുടെ കൂട്ട മരണം ആശങ്കയുണർത്തിയിട്ടുണ്ട്.

അതേസമയം ചത്ത കുരങ്ങുകളിൽ ആറെണ്ണത്തിന്റെ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചതിന്റെ റിപ്പോർട്ട് ഇതുവരെ കിട്ടാത്തത് കൂടുതൽ പ്രതിസന്ധിയായി.

സമീപകാലത്ത് രണ്ട് പേർക്കാണ് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. കർണ്ണാടകയിലെ ബൈരക്കുപ്പയിൽ ജോലിക്ക് പോയ രണ്ട് പേർക്കാണ് പനി സ്ഥിരീകരിച്ചത്. അതേസമയം കുരങ്ങുകൾ ചത്തതിന് പിന്നാലെ ബോധവത്കരണ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും നടത്തിവരുന്നുണ്ട്.

ജില്ലയിൽ എവിടെയും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് സംഭവത്തിൽ ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. കുരങ്ങുപനിക്ക് കാരണമാകുന്ന ചെള്ളുകളുടെ സാന്നിധ്യം ജില്ലയില്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഡിഎംഒആര്‍ രേണുക മാധ്യമപ്രവർത്തകരെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.