scorecardresearch
Latest News

പി.വി.അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിലേക്ക് വെള്ളമെടുക്കാൻ നിർമിച്ച തടയണ അനധികൃതം: ഹെെക്കോടതി

തടയണ പൊളിച്ച് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു

PV Anvar MLA, പിവി അൻവർ, High Court, ഹെെക്കോടതി

കൊച്ചി: പി.വി.അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിലേക്ക് വെള്ളമെടുക്കന്നതിന് നിർമിച്ച തടയണ അനധികൃതമെന്ന് ഹൈക്കോടതി. മലപ്പുറം ചീങ്കണ്ണിപ്പാലിയിൽ അൻവറിന്റെ ഭാര്യാ പിതാവ് സി.കെ.അബ്‌ദുൾ റഹീമിന്റെ ഭൂമിയിൽ നിർമിച്ച തടയണ പൊളിച്ചുനീക്കണമെന്ന കലക്‌ടറുടെ ഉത്തരവ് നിലനിൽക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കലക്‌ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന അബ്ദുൾ റഹീമിന്റെ ഹർജി കോടതി തള്ളി. തടയണ പൊളിച്ച് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കലക്‌ടർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളം ഒഴുക്കിക്കളയുന്നതിന് സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഡാമിൽ ഒരു ലക്ഷത്തിലധികം ലിറ്റർ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്ന് ആർഡിഒ റിപ്പോർട്ട് നൽകി. അപകട സാധ്യത കണക്കിലെടുത്ത് പ്രതിവാര പരിശോധന നടത്താൽ ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകി.

Read Also: 20 വർഷം കഴിഞ്ഞും നമുക്കിതുപോലെ ചേർന്നിരിക്കണം; നോവായി ചിരഞ്ജീവിയുടെ അവസാന പോസ്റ്റ്

തടയണ നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് നിലമ്പൂർ സ്വദേശി വിനോദാണ് കലക്‌ടർക്ക് പരാതി നൽകിയത്. പി.വി.അൻവറിന്റെ പേരിലുണ്ടായിരുന്ന ഭൂമി ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ ശേഷമാണ് തടയണ നിർമിച്ചത്.

ചെക്ക്‌ഡാം സന്ദർശിച്ച് പെരിന്തൽമണ്ണ ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് സംഭരണിയുടെ മധ്യഭാഗത്ത് വൻതോതിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്ന് കലക്‌ടർ കോടതിയെ അറിയിച്ചിട്ടുള്ളത്. കോടതി നിർദേശ പ്രകാരം ചെക്ക് ഡാമിന്റെ മുകൾ ഭാഗത്ത് 25 മീറ്റർ വീതിയിലും അടിഭാഗത്ത് ആറ് മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിൽ പൊളിച്ചുനീക്കി
വെള്ളം ഒഴുക്കി വിടാൻ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും സംഭരണിയിൽ നിന്ന് ശരാശരി 20 സെന്റീമീറ്റർ ഘനത്തിൽ വെള്ളം അരുവിയിലേക്ക് ഒഴുകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: ഇനി ചർച്ചകൾ വേണ്ട, നാലാം നമ്പറിൽ ഞാൻ തന്നെ: ശ്രേയസ് അയ്യർ

മൺസൂൺ കാലത്ത് പോലും സംഭരണിയിലെ വെള്ളം ഒഴുകിപ്പോകാൻ ഈ സംവിധാനം മതിയാകുമെന്നാണ് കലക്‌ടർ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, സംഭരണിയുടെ പൊളിച്ചുനീക്കിയ ഭാഗത്ത് നിന്ന് 15 മീറ്റർ മാറി മധ്യഭാഗത്തായി മണ്ണ് നീക്കിയതിനെ തുടർന്ന് 60 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലും മൂന്ന് മീറ്റർ ആഴത്തിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോൾ ഏകദേശം 2,178 മീറ്റർ ക്യൂബ് വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കലക്‌ടറുടെ റിപ്പോർട്ട്. തടയണയുടെ വശങ്ങളിലെ പാറക്കെട്ടിനേക്കാൾ താഴെയാണ് കുളത്തിന്റെ അടിത്തട്ടെന്നും അതിനാൽ അപകടകരമായ സാഹചര്യം ഇല്ലെന്നുമാണ് കലക്‌ടറുടെ റിപ്പോർട്ട്.

മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമായതിനാൽ ഒരു കാരണവശാലും വെള്ളം കെട്ടിക്കിടക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നത്. പ്രദേശത്തെ കോളനി ചെക്ക്ഡാമിൽ നിന്ന് ഒന്നര കിലോമീറ്റർ ദുരെയാണെന്നും കോളനിവാസികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഭീഷണി ഇല്ലെന്നുമാണ് കലക്‌ടറുടെ റിപ്പോർട്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Water theme park pv anvar mla high court