തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ സുനാമി ഭീഷണിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കടലിൽ ദൃശ്യമായ അസാധാരണ പ്രതിഭാസം വാട്ടർ സ്‌പൗട്ടിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. ഇത്തരത്തിലുളള പ്രതിഭാസം ജില്ലയില്‍ പലയിടങ്ങളിലും ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും പേടിക്കേണ്ടതില്ലെന്നും ദുരന്തനിവാരണസേന അറിയിച്ചു.

വ്യഴാഴ്ച വൈകിട്ട് ആറേകാലോടെയാണ് പാപനാശം ഹെലിപ്പാഡിന് മുൻവശത്ത് ഒരു കിലോമീറ്ററോളം അടുത്ത് കടലിൽ അസാധാരണ പ്രതിഭാസം ദൃശ്യമായത്. ആകാശത്തുനിന്ന് ഒരു ഫൗണ്ടൻപോലെ മേഘം താഴേക്ക് ഈർന്നിറങ്ങുകയായിരുന്നുവെന്നാണ് കണ്ടവർ പറഞ്ഞത്. പാപനാശത്തെ പ്രധാന ബീച്ചിന് മുൻഭാഗത്തുണ്ടായ പ്രതിഭാസം പിന്നീട് തെക്കോട്ട് നീങ്ങി മറയുകയും ചെയ്തു. വർക്കലയ്ക്ക് പിന്നാലെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വേളി ബോട്ട് ക്ലബ് ഭാഗത്തും വാട്ടർ സ്‌പൗട്ട് ദൃശ്യമായി.

അസാധാരണമായ ഈ പ്രതിഭാസം ‘വാട്ടർ സ്‌പൗട്ട്’ ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു. പഴമക്കാരും മത്സ്യത്തൊഴിലാളികളും ‘ആനക്കാൽ’ പ്രതിഭാസം എന്ന് വിളിക്കുന്ന കടൽ ടൊർണാഡോയാണിതെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇടിമിന്നൽ മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ്ദ വ്യത്യാസമാണ് വാട്ടർ സ്‌പൗട്ടിന് കാരണമാകുന്നത്. തുമ്പിക്കൈപോലെ കാർമേഘം താഴേക്ക് വരികയും കടൽപ്പരപ്പിലൂടെ നീങ്ങുകയും ചെയ്യും. കരയിൽ ഉണ്ടാകുന്ന ടൊർണാഡോയുടെ മറ്റൊരു പതിപ്പാണിത്. ഒരു വർഷം മുൻപ് ശംഖുമുഖത്തിന് സമീപം കടലിൽ വാട്ടർ സ്‌പൗട്ട് ദൃശ്യമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ