തൊടുപുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍കൂടി ഉയര്‍ത്തി. നിലവില്‍ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശമിക്കാത്തതിനാല്‍ നീരൊഴുക്ക് ശക്തമാണെന്നാണ് വിവരം.
സമാനസാഹചര്യമാണ് ഇടുക്കി ഡാമിലും. ജലനിരപ്പ് 2399 അടിയായി ഉയര്‍ന്നു കഴിഞ്ഞു. ഡാമിന്റെ ഷട്ടറുകള്‍ തുറന്നശേഷവും ജലനിരപ്പ് കൂടുകയാണ്.
പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയർന്നു കഴിഞ്ഞു. തീര്‍ത്ഥാടകര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ശബരിമല തീർത്ഥാടനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിട്ടു തുടങ്ങി.
അതേസമയം, സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആനയിറങ്ങല്‍, പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, (ഇടുക്കി), കക്കി ആനത്തോട്, മൂഴിയാര്‍ (പത്തനംതിട്ട), പെരിങ്ങല്‍കുത്ത് (തൃശൂര്‍) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.
മാട്ടുപ്പെട്ടി (ഇടുക്കി), പമ്പ (പത്തനംതിട്ട) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവില്‍. തൃശൂര്‍ ഷോളയാറില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.