തൊടുപുഴ: സംസ്ഥാനത്ത് ഡാമുകളിൽ ജലനിരപ്പ് കുറയുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.50 അടിയായാണ് കുറഞ്ഞിരിക്കുന്നത്. വൃഷ്ടി പ്രദേശത്ത് ഇന്നലെ മഴയുടെ അളവിൽ കുറവുണ്ടായിരുന്നു. ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ജലനിരപ്പ് കുറഞ്ഞ പശ്ചാത്തലത്തിൽ ചെറുതോണി അണക്കെട്ടിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 1500 ഘനമീറ്റർ ആയിരുന്നു.

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും കുറയുന്നുണ്ട്. 168.34 അടിയാണ് സംഭരണിയിലെ നിലവിലെ ജലനിരപ്പ്. സെക്കന്റിൽ 1400 ഘനമീറ്ററിൽ നിന്നും 400 ഘനമീറ്റർ മാത്രമായി ഇടമലയാറിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. ബാണാസുര സാഗർ അണക്കെട്ടിലും നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ 55 ഘനമീറ്റർ ജലം മാത്രമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്.

എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.5 അടിയായി തുടരുകയാണ്. 139 അടിയായി ജലനിരപ്പ് കുറക്കാൻ ഇന്നലെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ജലനിരപ്പിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. അണക്കെട്ടിലേക്കെത്തുന്ന ജലത്തിൽ 6902 ഘനയടി വീതം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.