കൊച്ചി: അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനയച്ച കത്ത് ഹർജിയായി പരിഗണിച്ചാണ് കോടതിയുടെ നടപടി.

ദുരന്തനിവാരണ അതോറിറ്റിയെ കക്ഷി ചേർക്കാനും ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബഞ്ച് ഉത്തരവിട്ടു. കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് സർക്കാരും വൈദ്യുതി ബോർഡും അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അവലോകന യോഗങ്ങൾ ചേരുന്നുണ്ടെന്നും അതു തുടരുമെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കി.

Read Also: മദ്യവിൽപ്പന ആരംഭിച്ചു; മിനിറ്റുകൾക്കകം ബെവ് ക്യൂ ആപ് ഡൗൺലോഡ് ചെയ്ത് ആയിരങ്ങൾ

ഡാമുകളിൽ സാധാരണ നിലയിലേതിനേക്കാൾ വെള്ളമുണ്ടെന്നും ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഉപയോഗം കുറഞ്ഞതിനാൽ ഉത്പാദനവും കുറഞ്ഞിരിക്കുകയാണെന്നും ഇടുക്കിയിൽ ചില ജനറേറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാധാരണ മഴ ലഭിച്ചാൽ പോലും മുൻ വർഷങ്ങളേ പോലെ പ്രളയത്തിന് സാധ്യതയുണ്ടെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.