തൊടുപുഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 2395.42 അടിയാണ് നിലവിലെ ജലനിരപ്പ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ജലനിരപ്പ് ഈ നിലയിലേയ്ക്ക് ഉയർന്നത്.  തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ജലനിരപ്പ് 2399 അടി ആകുമ്പോൾ ക്രമപ്രകാരം മൂന്നാമത്തെ മുന്നറിയിപ്പ് നൽകേണ്ടതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഷട്ടർ തുറക്കാനും സാധ്യതയുണ്ട്. ഇന്നലെ പകൽ ലോ റേഞ്ച് മേഖലയിൽ മഴ ശക്തമായിരുന്നെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ ഹൈറേഞ്ച് മേഖലയിൽ കാര്യമായ മഴ ലഭിച്ചില്ല. എന്നാൽ സന്ധ്യയോടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ആരംഭിച്ചതോടെ രാത്രിയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് 2319.16 അടി ആയിരുന്നു ജലനിരപ്പ്.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതിനാൽ അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടാം ഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത് കൊണ്ട് അണക്കെട്ടിലെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം (റെഡ് അലർട്ട്) ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതോടെ അതീവ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക.

ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. ജലനിരപ്പ് 2399 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പ് (റെഡ് അലർട്ട്) നല്‍കിയശേഷം ഡാം തുറക്കാനാണ് ആലോചന. ഡാമിന്റെ പരമാവധി ശേഷി 2403 അടിയാണ്.

റെഡ് അലർട്ട് നൽകുന്നതിനൊപ്പം പെരിയാറിന്റെ തീരത്ത് അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രത നിർദ്ദേശം നൽകുക. അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. നാല് മണിക്കൂർ വരെ നീളുന്നതായിരിക്കും ട്രയൽ റൺ. ഷട്ടർ നാൽപ്പത് സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. അഞ്ച് ഷട്ടറുകളാണ് ചെറുതോണി ഡാമിൽ ഉളളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ 1750 ഘനയടി വെളളം പുറത്തേയ്ക്ക് ഒഴുകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഇതിനിടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് ജില്ലാ ഭരണകൂടവും ഡാം സേഫ്റ്റി വിഭാഗവും ഡാം തുറക്കാനുള്ള ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു.

തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകള്‍, പനങ്കുട്ടി പാലം, പെരിയാര്‍ വാലി, പാംബ്ല അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങള്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും മതിയായ മുന്നറിയിപ്പുകള്‍ നല്‍കി മാത്രമേ ഡാം തുറക്കുകയുള്ളുവെന്നും കലക്ടര്‍ അറിയിച്ചു.

വെള്ളം ഒഴുകുന്ന വഴികളിലുള്ള ചപ്പാത്തുകള്‍, പാലങ്ങള്‍ എന്നിവിടങ്ങിളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനോ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാനോ അനുവദിക്കില്ല. ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന സമയത്ത് മീന്‍ പിടുത്തം യാതൊരു തരത്തിലും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ