തൊടുപുഴ: സംസ്ഥാനത്തെമ്പാടും കാലവര്‍ഷക്കെടുതിയുടെ വാർത്തകൾക്കിടയിൽ മഴ കനിഞ്ഞ ആശ്വാസമാണ് വൈദ്യുതി ബോർഡിന്. നിറയുന്ന ഡാമുകള്‍ക്കൊപ്പം മനംനിറഞ്ഞത് വൈദ്യുതി ബോര്‍ഡിനാണ്. മഴക്കുറവ് കൊണ്ട് ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞുവന്നതിനെ തുടർന്ന് കടുത്ത ആശങ്കയിലായിരുന്നു ബോർഡ്. ആ അവസ്ഥയെ മറികടക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി ലഭിച്ച മഴ.

കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതോല്‍പ്പാദന കേന്ദ്രമായ ഇടുക്കി ഡാമിലെ ജലനിരപ്പ് ഗണ്യമായി വര്‍ധിക്കുന്നത് വൈദ്യുതി ബോര്‍ഡിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. 2360.84 അടിയാണ് ചൊവ്വാഴ്ച ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 2351.58 അടിയായിരുന്നു. നിലവില്‍ ഡാമില്‍ സംഭരണ ശേഷിയുടെ 55.6 ശതമാനം വെള്ളമാണുള്ളത്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ജലനിരപ്പ് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ വൈദ്യുതി ബോര്‍ഡ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. 10.64 സെന്റീ മീറ്റര്‍ മഴയാണ് തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ഇവിടെ രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് ഇടുക്കിയില്‍ വര്‍ധിച്ചത് 2.86 അടി വെള്ളമാണ്. 53.877 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് ഒറ്റദിവസത്തിനുള്ളില്‍ ഡാമിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ കണക്ക് പ്രകാരം ഒമ്പത് അടിയോളം വെള്ളം ഡാമില്‍ കൂടുതലുണ്ട്.

കേരളത്തിലെമ്പാടുമുള്ള വിവിധ ജലസംഭരണികളിലെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മൂന്നാര്‍ മാട്ടുപെട്ടി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ്. ഇവിടെ 30 സെന്റീ മീറ്റര്‍ മഴ പെയ്തിറങ്ങി. ലോവര്‍പെരിയാര്‍ 19.6 സെന്റീ മീറ്റര്‍, തരിയോട് 18.8, ഷോളയാര്‍ 13.3, പെരിങ്ങല്‍ക്കുത്ത് 13.17, ഇടമലയാര്‍ 11.26 സെന്റീമീറ്റര്‍ എന്നിങ്ങനെയാണ് മറ്റു ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴ. അതേസമയം മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്‍മുടി ഡാമുകളിലെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നിരുന്നുവെങ്കിലും മഴയ്ക്കു നേരിയ ശമനമുണ്ടായതോടെ തുറന്ന ഷട്ടറുകളെല്ലാം അടച്ചുതുടങ്ങിയിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നു ബോട്ടിംഗ് പോലും മേയില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പും വര്‍ധിക്കുന്നുണ്ട്. 127 അടിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു വര്‍ധിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പു താഴ്ന്നതിനെത്തുടര്‍ന്നു നിര്‍ത്തി വച്ചിരുന്ന ലോവര്‍ ക്യാമ്പ് പവര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനവും തമിഴ്‌നാട് പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം കനത്തമഴയില്‍ ജില്ലയുടെ പലഭാഗങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ