തിരുവനന്തപുരം: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ നീക്കം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജലത്തിന് വന്‍ ക്ഷാമമാണ് ഹോട്ടലുകളില്‍ നേരിടുന്നതെന്ന് അസോസിയോഷന്‍ വ്യക്തമാക്കുന്നു. ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൈ കഴുകാന്‍ ഉള്‍പ്പെടെ ഒരു ഹോട്ടലില്‍ ശരാശരി പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും വേണം. വന്‍ തുക കൊടുത്താണ് ഹോട്ടല്‍ ഉടമകള്‍ ഈ വെള്ളം വാങ്ങുന്നത്. വെള്ളം കുറച്ച് ഉപയോഗിക്കാന്‍ ആളുകളോട് പറയുന്നതിനും പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴിവാക്കി ടിഷ്യൂ പേപ്പര്‍ കൊണ്ടു വരാന്‍ ഹോട്ടല്‍ ഉടമകള്‍ ആലോചിക്കുന്നത്.

ഇതിന്റെ ഭാഗമായി ഹോട്ടലുകളിലെ വാഷ്‌ബേസിനുകള്‍ എടുത്തുമാറ്റും. തീരുമാനത്തോട് ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ നേതാവ് ബിജുലാല്‍ പറഞ്ഞു. എന്നാല്‍ നിരവധി പേരാണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. വെള്ളമില്ലാത്ത ഹോട്ടലുകള്‍ പൂട്ടിയിടുന്നതാണ് ചിലര്‍ പ്രതികരിച്ചു. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കാനും ഹോട്ടല്‍ അസോസിയേഷന്റെ പരിഗണനയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ