തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ നിയമനിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാർ. ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിലാണ് ബിൽ കൊണ്ടുവരാനുള്ള സർക്കാർ നീക്കം.

ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിലും ബിൽ കൊണ്ടുവരാമെന്നാണ് അഡ്വക്കറ്റ് ജനറലിൽനിന്ന് സർക്കാരിന് ലഭിച്ച നിയമോപദേശം. നിയമസഭയിലെ ഭൂരിപക്ഷമനുസരിച്ച് സർക്കാരിന് ബിൽ പാസാക്കിയെടുക്കാനാകുമെന്ന് എജി നിയമോപദേശത്തിൽ വ്യക്തമാക്കി.

ഗവർണർ ഓർഡിനൻസ് തിരിച്ചയയ്ക്കാത്ത സാഹചര്യത്തിൽ സഭയിൽ ബിൽ കൊണ്ടുവരാനാകുമോ എന്നതായിരുന്നു സർക്കാരിന് മുന്നിലെ പ്രധാന പ്രശ്നം. എന്നാൽ ഇത് ബാധിക്കില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ ഓർഡിനൻസുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.

Read Also: ഗവർണർ റബർ സ്റ്റാമ്പല്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തദ്ദേശമന്ത്രി എ.സി.മൊയ്തീൻ നേരിട്ടും രണ്ട് തവണ രേഖാമൂലവും വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ ഗവർണർ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തതോടെ സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി ഉടലെടുത്തു. ഇത് മറികടക്കാനാണ് സർക്കാർ നിയമോപദേശം തേടിയത്.

വാര്‍ഡ് വിഭജന ഓര്‍ഡിനൻസിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തതെന്നു ഗവർണർ രാവിലെ പറഞ്ഞിരുന്നു. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ഗവർണർ പ്രതികരിച്ചിരുന്നു.

അതേസമയം, ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമമാകൂ. ബിൽ തിരിച്ചയക്കാനും നിയമപ്രശ്നം ചൂണ്ടികാട്ടി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും ഗവർണർക്ക് സാധിക്കും. എന്നാൽ തിരിച്ചയയ്ക്കുന്ന ബിൽ നിയമസഭ വീണ്ടും പാസാക്കി അനുമതിക്കായി നൽകിയാൽ ഗവർണർ ഒപ്പിട്ടേ മതിയാകൂ. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഗവർണർക്കൊപ്പമാണ്.

ഗവർണർക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. നേരത്തെ നാട്ടുരാജ്യങ്ങൾക്ക് മുകളിൽ ബ്രിട്ടീഷുകാർ റസിഡന്റിനെ നിയമിക്കുമായിരുന്നു. അതുപോലെ കേരള സർക്കാരിന് മുകളിൽ റസിഡന്റ് ഇല്ലെന്ന് എല്ലാരും ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.