തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനത്തിൽ മുസ്‌ലിം ലീഗിനെ വിമർശിച്ച് പിണറായി വിജയൻ. നിയമനം പിഎസ്‌സിക്ക് വിട്ടതിൽ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് തന്നെയാണ് തീരുമാനം എടുത്തത്. ചർച്ച കഴിയുംവരെ പിഎസ്‌സി നിയമനം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. ലീഗ് നിയമസഭയിൽ പറഞ്ഞതല്ല പുറത്ത് പറയുന്നത്. മുസ്‌ലിങ്ങളുടെ അട്ടിപ്പേറ് അവകാശം ലീഗിനാണോ. മുസ്‌ലിങ്ങളുടെ പ്രശ്നം സർക്കാർ പരിഹരിക്കും. ലീഗിന് ചെയ്യാൻ കഴിയുന്നത് ചെയ്യൂവെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.
വഖഫ് നിയമനം മതപ്രശ്നമാക്കി മാറ്റാൻ ലീഗ് ശ്രമിക്കുന്നു. നിയമനം പിഎസ്‌സിക്ക് വിട്ടതിൽ മതസംഘടനകൾക്ക് പ്രശ്നമില്ല, ലീഗിനാണ് പ്രശ്നം. ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാർട്ടിയാണോയെന്നു വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ സമരത്തിന് ഇല്ലെന്ന് സമസ്‌ത ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമസ്തയ്ക്ക് സമരം എന്നൊരു സംഗതി ഇല്ലെന്നും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സമസ്‌ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. വഖഫ് ബോർഡ് നിയമനം ഉടൻ പിഎസ്സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്‌ത നേതാക്കൾ ചർച്ചയ്ക്കുശേഷം അറിയിച്ചു.
Read More: സമരം പിൻവലിക്കില്ലെന്ന് പിജി ഡോക്ടർമാർ; രോഗികളെ പ്രതിസന്ധിയിലാക്കരുതെന്ന് ആരോഗ്യ മന്ത്രി