/indian-express-malayalam/media/media_files/uploads/2021/12/waqfboard.jpg)
Photo: Screen Grab
മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ സമരത്തിന് ഇല്ലെന്ന് സമസ്‌ത ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത സമരം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ചേളാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്‌തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനായിരുന്നു. അതിനു ശേഷം മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് വച്ചതാണ്. എന്നാൽ അതിനു മുൻപ് അദ്ദേഹം ചർച്ചയ്ക്ക് വിളിച്ചു. തീരുമാനം പിൻവലിക്കാമെന്ന് പറഞ്ഞിട്ടില്ല. തുടർനടപടികൾ ഒഴിവാക്കി ഭാവി കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു ചെയ്യാമെന്നാണ് പറഞ്ഞത്. അത് മാന്യമായ വാക്കല്ലേയെന്ന് ജിഫ്രി തങ്ങൾ ചോദിച്ചു.
സമസ്തയ്ക്ക് സമരം എന്നൊരു സംഗതി ഇല്ലെന്നും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും സമസ്‌തയ്ക്ക് അകലമില്ലെന്നും പൊതു കോർഡിനേഷൻ കമ്മിറ്റി സമസ്തയ്ക്കില്ല. തങ്ങൾമാർ വിളിച്ചു ചേർക്കുമ്പോഴാണ് കോഡിനേഷൻ കമ്മിറ്റി ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ മുഖ്യമന്ത്രിയെ കണ്ട ശേഷം നിയമനം ഉടൻ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Also Read: വഖഫ് ബോർഡ് നിയമനം: ഉടൻ പി.എസ്.സിക്ക് വിടില്ല, സമസ്‌ത നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.