കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സമസ്ത അധ്യക്ഷൻ പറഞ്ഞു.
അതേസമയം, തീരുമാനത്തിൽ പ്രതിഷേധം അറിയിക്കുമെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മറ്റു പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നു. വഖഫ് ബോർഡ് നിയമനത്തിൽ സമസ്തയ്ക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയാലോചന നടത്താമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം ആലിക്കുട്ടി മുസ്ലിയാരെയും വിളിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നും പരിഹാരമുണ്ടാകണമെന്നാണ് സമസ്ത നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയിൽ പ്രതിഷേധിക്കാൻ സാധിക്കില്ല. അത് അപകടം ചെയ്യും. പള്ളി ആദരിക്കപ്പെടേണ്ട ഇടമാണ്. അതിന്റെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനപരമായ കാര്യങ്ങൾ അവിടെ ഉണ്ടാകാൻ പാടില്ല. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വകുപ്പ് മന്ത്രി വി.അബ്ദുൽ റഹ്മാന്റെ പ്രസ്താവനയിൽ പ്രതിഷേധമുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവാദിത്തം സമസ്തയ്ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും