കൊല്ലം: ലോക രാജ്യങ്ങളിൽ ഭീഷണിയായി മാറിയ വോണാക്രൈ കംപ്യൂട്ടർ വൈറസ് കേരളത്തിലും. കൊല്ലം ജില്ലയിലും തൃശൂരിലും വൈറസ് ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചു. കൊല്ലത്തെ തൃക്കോവിൽവട്ടം പഞ്ചായത്തിലും തൃശൂരിലെ അന്നനട, കുഴൂര്‍ പഞ്ചായത്ത് ഓഫീസുകളിലും കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറിയ വൈറസ് വൻ നാശനഷ്ടം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും വോണാക്രൈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കരവാരം പഞ്ചായത്ത് ഓഫീസിലും വൈറസ് ആക്രമണം സ്ഥിരീകരിച്ചു.

നേരത്തെ വയനാട് തരിയോട് പഞ്ചായത്തിലും പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലേയും കമ്പ്യൂട്ടറുകള്‍ വൈറസ് പണിമുടക്കിയിരുന്നു.

വാണക്രൈ 2.0 റാൻസംവെയർ എന്ത്? എങ്ങിനെ കരുതിയിരിക്കാം? രക്ഷാമാർഗങ്ങൾ എന്തൊക്കെ?

എറ്റേണൽ ബ്ലൂ എന്ന പഴുതിലൂടെയാണ് ഈ വൈറസ് കംപ്യൂട്ടറുകളിൽ നിന്ന് കംപ്യൂട്ടറുകളിലേക്ക് പടരുന്നത്. ഇന്റർനെറ്റിലെ അനാവശ്യ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെയും ആരെങ്കിലുമൊക്കെ അയച്ചുതരുന്ന ലിങ്ക് ക്ലിക് ചെയ്യുന്നതിലൂടെയും നമ്മൾ കുഴിയിൽ വീഴാനുള്ള സാധ്യതകളുണ്ട്. ഒരു കംപ്യൂട്ടർ ശൃംഖലയിൽ പരസഹായമേതുമില്ലാതെ സ്വയമേ പടർന്നുപിടിക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്.

ആദ്യം കംപ്യൂട്ടർ ശൃംഖലയെ സ്കാൻ ചെയ്ത ശേഷം എറ്റേണൽ ബ്ലൂ എന്ന പഴുതുണ്ടോ എന്ന് വൈറസ് നോക്കും. ഉണ്ടെങ്കിൽ ആ പഴുതിലൂടെ റാൻസംവെയർ അകത്ത് കയറും. പിന്നീട് ആ ശൃംഖലയിലെ മുഴുവൻ കംപ്യൂട്ടറുകളെയും റാൻസംവെയർ നശിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ