പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനും അയൽവാസിയുമാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ കുട്ടികളുടെ ബന്ധുവിനെയും പിതാവിന്റെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു.

കുട്ടികളുടെ അമ്മയുടെ ബന്ധു പാമ്പാംപള്ളം കല്ലങ്കാട് മധു (27), ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതയ്ക്കൽ ഷിബു (43) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷിബു എട്ടു വർഷമായി ഈ കുടുംബത്തോടൊപ്പമാണു താമസം. പോക്സോ ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ മരണത്തിൽ കൊലപാതക സാധ്യതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മധു രണ്ടു കുട്ടികളെയും പീഡിപ്പിച്ചതായാണു പൊലീസിന്റെ കണ്ടെത്തൽ.

അതേസമയം, മൂത്ത പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ വാളയാർ എസ്ഐ പി.സി.ചാക്കോയെ സസ്പെൻഡ് ചെയ്തു. സംഭവസമയത്ത് കസബ സിഐ ആയിരുന്ന എ.വിപിൻദാസ്, സബ് ഡിവിഷന്റെ ചുമതല വഹിച്ചിരുന്ന ഡിവൈഎസ്പിമാരായ വി.എസ്.മുഹമ്മദ് കാസിം, പി.വാസുദേവൻ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാൻ ഉത്തരവിട്ടിട്ടുണ്ട്. വാസുദേവനും വിപിൻദാസും ഇപ്പേ‍ാൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ