തിരുവനന്തപുരം:∙പാലക്കാട് വാളയാറിൽ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ അതിനു പിന്നിൽ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കുമെതിരെ പോക്സോ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടയെന്നും നിയമസഭയിൽ അദ്ദേഹം പറഞ്ഞു.

ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പോലീസിന് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. എന്നാല്‍ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായെന്ന് ഇപ്പോള്‍ വ്യക്തമായി. രണ്ട് കേസിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും പിണറായി സഭയെ അറിയിച്ചു.

വാളയാറിലെ കുട്ടികളുടെ മരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെ. മുരളീധരൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. വാളയാറിലെ ഇളയ കുട്ടിയുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. പൊലീസ് കൂടുതൽ ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഇളയ കുട്ടി മരിക്കില്ലായിരുന്നുവെന്നും അമ്മയുടെ മൊഴി ലഭിച്ചിട്ടും അലംഭാവം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പീഡന വാർത്തകൾ സമൂഹത്തിൽ കടുത്ത ആഘാതമുണ്ടാക്കുന്നുണ്ടെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയിൽ പറഞ്ഞു. അടുത്തകാലത്ത് സ്ത്രീകള്‍ക്കെതിരായി ഉണ്ടായ അക്രമങ്ങള്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും സ്‌പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.