തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ പുനരന്വേഷണം വേണം. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ ആവശ്യമായതെല്ലാം ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
Read Also: Walayar Case: മൊഴി എന്റേതല്ല, പൊലീസ് എഴുതിപ്പിടിപ്പിച്ചത്; വാളയാർ പെൺകുട്ടികളുടെ അമ്മ
“ഒരു അമ്മയ്ക്കും ഇങ്ങനെ നില്‍ക്കേണ്ട സാഹചര്യം ഇനിയുണ്ടാകരുത്. ഒരു മക്കള്‍ക്കും ഇങ്ങനെയൊന്നും സംഭവിക്കരുത്. ഞങ്ങള്‍ക്ക് നീതി കിട്ടണം. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം” പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.
വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട നടപടിയില്‍ പ്രതിഷേധം കനക്കുമ്പോള്‍ വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാളയാറില്‍ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബത്തിനു നീതി ലഭ്യമാക്കും. വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.
വാളയാർ കേസിൽ സർക്കാർ അപ്പീലിനു പോകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടും. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. കേസില്‍ പുനര്‍വിചാരണയ്ക്കുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ആരായും. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് ഡിജിപി തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.